ഇത് ഇന്ത്യക്കാരി ‘ഇറാനി’; ആ പേരില്‍ പല എയര്‍പോര്‍ട്ടിലും പിടിച്ചുനിര്‍ത്തിയെന്ന് സ്മൃതി

വിദേശരാജ്യങ്ങളിലെ പല എയര്‍പോര്‍ട്ടുകളിലും പേരിന്റെ പേരില്‍ തടഞ്ഞിട്ടുള്ളതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പേരിന്റെ അവസാന ഭാഗത്തെക്കുറിച്ചാണ് ചോദ്യമെന്ന് അറിയാവുന്നത് കൊണ്ട് ഉത്തരവും റെഡിയായിരിക്കുമെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.

‘ഇറാനി എന്നാണ് പേരിന്റെ അവസാനം. പല വിദേശ എയര്‍പോര്‍ട്ടിലും തടഞ്ഞുനിര്‍ത്തി എന്താണ് ഈ ‘ഇറാനി’ എന്ന് ചോദിക്കാറുണ്ട്. ഞാന്‍ ‘ഇന്ത്യക്കാരിയായ ഇറാനിയാണെന്നാണ്’ അവരോട് മറുപടി നല്‍കാറുള്ളത്, ലക്‌നൗവില്‍ നടക്കുന്ന ഹിന്ദുസ്ഥാന്‍ ശിഖര്‍ സമാഗമത്തില്‍ സംസാരിക്കവെ അവര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ 2019 തെരഞ്ഞെടുപ്പ് വിജയിച്ചതിനെക്കുറിച്ചും കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി സംസാരിച്ചു. ഗാന്ധിനെഹ്‌റു കുടുംബത്തിന്റെ ശക്തികേന്ദ്രമായ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി തോല്‍പ്പിച്ചത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് അമേഠിയില്‍ വിജയിച്ച രാഹുലിനാണ് 2019ല്‍ തിരിച്ചടി നല്‍കിയത്.

‘2019ലെ വിജയം എന്റേതായിരുന്നില്ല, ജനങ്ങളുടേതായിരുന്നു. ഞാന്‍ ഒരു ചിഹ്നം മാത്രം. ജനങ്ങള്‍ വിജയിക്കുമെന്നതിന്റെ തെളിവാണ് ഈ വിജയം. ഈ വഴിയിലൂടെ അമേഠിയുടെ സഹോദരിയായി ഞാന്‍ മാറി’, സ്മൃതി ഇറാനി പറഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഇവര്‍ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുകയും ചെയ്തു.

അധികാര, രാഷ്ട്രീയ, കായിക, വിനോദ, വികസന വിഷയങ്ങളില്‍ പ്രഗത്ഭര്‍ പങ്കെടുത്ത് സംസാരിക്കുന്ന സമാഗമത്തിന്റെ അഞ്ചാമത് സമ്മേളനമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

Top