വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ

കിങ്സ്റ്റണ്‍: ട്വന്റി- 20ക്കും ഏകദിനത്തിനും പിന്നാലെ വിന്‍ഡീസിനെതിരായ ടെസ്റ്റും ഇന്ത്യ തൂത്തുവാരി. ഷാമര്‍ ബ്രൂക്‌സിന്റെ (50) നേതൃത്വത്തില്‍ പൊരുതിയെങ്കിലും 468 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നു നേടാനുള്ള മിടുക്ക് വെസ്റ്റിന്‍ഡീസിനുണ്ടായിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ 210 റണ്‍സിന് ആതിഥേയര്‍ പുറത്തായി. ഒന്നരദിവസത്തോളം ബാക്കിനില്‍ക്കെയാണ് 257 റണ്‍സിന് ഇന്ത്യന്‍ വിജയം.

രണ്ടാം ഇന്നിങ്‌സില്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും 3 വിക്കറ്റ് വീതവും ഇഷാന്ത് ശര്‍മ 2 വിക്കറ്റും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റുമെടുത്തു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ആദ്യ 2 മത്സരങ്ങളിലും വന്‍വിജയം നേടിയ ഇന്ത്യയ്ക്കു തകര്‍പ്പന്‍ തുടക്കമാണു ലഭിച്ചത്. 4ാം ദിനമായ ഇന്നലെ രാവിലെ 4ാം ഓവറില്‍ ജസ്പ്രീത് ബുമ്രയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ക്കൊണ്ട് ഡാരെന്‍ ബ്രാവോ പരുക്കേറ്റു മടങ്ങി. പരുക്കേറ്റയാള്‍ക്കു പകരമിറങ്ങുന്ന കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ജെര്‍മെയ്ന്‍ ബ്ലാക്വുഡ് ക്രീസിലെത്തിയെങ്കിലും 38 റണ്‍സില്‍ പുറത്തായി. ഓപ്പണര്‍ ബ്രൂക്‌സ് ക്ഷമയോടെ അര്‍ധസെഞ്ചുറി തികച്ചെങ്കിലും നിര്‍ഭാഗ്യത്തില്‍ റണ്ണൗട്ടായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ത്രോയാണു ബ്രൂക്‌സിന്റെ കഥകഴിച്ചത്.

വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യയ്ക്കായി അഞ്ചാം വിക്കറ്റില്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെയും (പുറത്താകാതെ 64) ഹനുമ വിഹാരിയും (പുറത്താകാതെ 53) ധൈര്യപൂര്‍വം ബാറ്റ് വീശി. 4ന് 57 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും പിടിച്ചുനിന്നു. ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍ (6), മായങ്ക് അഗര്‍വാള്‍ (4), ക്യാപ്റ്റന്‍ വിരാട് കോലി (0) എന്നിവരെ വേഗത്തില്‍ മടക്കി അയയ്ക്കാന്‍ വിന്‍ഡീസിനായി. ചേതേശ്വര്‍ പൂജാര (27) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാഹുലിനെയും കോലിയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ വിന്‍ഡീസ് പേസര്‍ കെമര്‍ റോഷിനു ഹാട്രിക് നഷ്ടമായതു നിര്‍ഭാഗ്യത്തിനാണ്.

Top