ബുംറയും ഭുവിയും മടങ്ങിയെത്തുന്നു ; അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ മുഹമ്മദ് ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഭുവിയെയും ബുംറയെയും വിശ്രമം അനുവദിക്കുകയായിരുന്നു. ഓപ്പണര്‍ കെ.എല്‍. രാഹുലിനെയും പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമില്‍ മറ്റ് മാറ്റങ്ങളില്ല.

ഏഷ്യാ കപ്പിനിടെ പരുക്കേറ്റ കേദാര്‍ ജാദവ് പരുക്കില്‍ നിന്നും മോചിതനായെങ്കിലും ടീമിലേക്ക് പരിഗണിച്ചില്ല. വിരാട് കോഹ്‌ലി ക്യാപ്റ്റനായും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനായും തുടരും.

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തില്‍ അഞ്ചാം ഏകദിനം നടക്കുക. ഒക്ടോബര്‍ 27ന് പൂനെയിലും 29ന് മുംബൈയിലും മൂന്നും നാലും മത്സരങ്ങള്‍ നടക്കും.

ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, അന്പാട്ടി റായിഡു, മനീഷ് പാണ്ഡെ, എം.എസ്.ധോണി. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

Top