ഗയാന: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഗയാനയില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. ഡിഡി സ്പോര്‍ട്സിലും ഫാന്‍കോഡ് ആപ്പിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഇന്നും തോറ്റാല്‍ പരമ്പര ടി20 പരമ്പര നഷ്ടമാകും. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തില്‍ ടോപ് ഓര്‍ഡറില്‍ അവസരം ലഭിച്ച യുവതാരങ്ങളായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണുമെല്ലാം ബാറ്റിംഗില്‍ നിരാശപ്പെടുത്തുന്നതാണ് ഇന്ത്യയുടെ വലിയ ആശങ്ക. ഏകദിന ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ യുവതാരങ്ങളുടെ മങ്ങിയ ഫോം ലോകകപ്പ് ടീമിലെ സ്ഥാനത്തിനും ഭീഷണിയാണ്.
കഴിഞ്ഞ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന യശസ്വി ജയ്‌സ്വാളിന് അവസരം നല്‍കുക എന്നത് മാത്രമാണ് ബാറ്റിംഗ് നിരയില്‍ ഇന്ത്യക്ക് ആകെ ചെയ്യാവുന്ന പരീക്ഷണം. യശസ്വി ഓപ്പണറായാണ് കളിക്കുകയെന്നതിനാല്‍ സ്വാഭാവികമായും ഇഷാന്‍ കിഷനോ ശുഭ്മാന്‍ ഗില്ലോ പുറത്തിരിക്കേണ്ടിവരും. മധ്യനിരയില്‍ നിറം മങ്ങുന്ന സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും ഇന്ത്യയുടെ മറ്റൊരു തലവേദനയാണ്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗില്‍ തിളങ്ങുമ്പോഴും ബാറ്റിംഗില്‍ ഫോമിലായിട്ടില്ല. വാലറ്റത്ത് ബാറ്റ് ചെയ്യാവുന്നവരില്ലെന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്. തിലക് വര്‍മയുടെ ഫോം മാത്രമാണ് ഇന്ത്യക്ക് ആശ്വാസകരമായിട്ടുള്ളത്.
ബൗളിംഗ് നിരയില്‍ ഒന്നോ രണ്ടോ മാറ്റം കൂടി വരുത്താന്‍ സാധ്യതയുണ്ട്. രണ്ടാം ടി20ക്ക് മുമ്പ് നേരിയ പരിക്കേറ്റ കുല്‍ദീപ് യാദവ് തിരിച്ചെത്തിയേക്കും. പേസ് നിരയില്‍ ഉമ്രാന്‍ മാലിക്കോ ആവേശ് ഖാനോ കളിക്കാനും സാധ്യതയുണ്ട്. കുല്‍ദീപ് തിരിച്ചെത്തിയാല്‍ രവി ബിഷ്ണോയ് പുറത്താകും. മുകേഷ് കുമാറിന് പകരമായിരിക്കും ഉമ്രാനോ ആവേശ് ഖാനോ പ്ലേയിംഗ് ഇലവനിലെത്തുക.
ഇന്ത്യയെപ്പോലെ വെസ്റ്റ് ഇന്‍ഡീസിനും ബാറ്റിംഗ് തലവേദനയാണെങ്കിലും നിക്കോളാസ് പുരാന്റെ വെടിക്കട്ടിലാണ് അവരുടെ പ്രതീക്ഷ. റൊവ്മാന്‍ പവലും ഹെറ്റ്മയറും നല്‍കുന്ന പിന്തുണയും നിര്‍ണായകമാകും. 2016നുശേഷം രണ്ടോ അതില്‍ കൂടുതല്‍ മത്സരങ്ങളോ അടങ്ങിയ പരമ്പരയില്‍ ഇന്ത്യക്കെതിരെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. 2017നുശേഷം ആദ്യമായാണ് വിന്‍ഡീസ് ഇന്ത്യക്കെതിരെ തുടര്‍ച്ചയായി രണ്ട് ടി20 മത്സരങ്ങള്‍ ജയിക്കുന്നത്.