ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ഇന്ന് ഗയാനയിൽ; സാധ്യതാ ഇവലന്‍

ജോര്‍ജ്ടൗണ്‍ : ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. വൈകീട്ട് എട്ട് മണിക്ക് ഗയാനയിലാണ് മത്സരം. ആദ്യ കളി തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചെത്താന്‍ ജയം അനിവാര്യമാണ്. ബാറ്റര്‍മാര്‍ ചതിച്ചതോടെയാണ് വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യ നാല് റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. ”യുവനിരയാണ്. പിഴവുകളുണ്ടാകും. പയറ്റി പയറ്റി തെളിയേണ്ടതുണ്ട്.” എന്നായിരുന്നു ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ന്യായം.

അഞ്ച് മത്സര പരമ്പരയില്‍ ഇന്ന് കൂടി തോറ്റാല്‍ തിരിച്ചുവരവ് പാടാകുമെന്നതിനാല്‍ ജയം ലക്ഷ്യമിട്ട് തന്നെയായിരിക്കും ഇന്ത്യ ഇറങ്ങുക. ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ഓപ്പണിംഗില്‍ ഇന്ത്യന്‍ ആരാധകര്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും നിരാശപ്പെടുത്തിയതിനാല്‍ രണ്ടാം മത്സരത്തില്‍ കിഷന് വിശ്രമം നല്‍കി യശസ്വി ജയ്സ്വാളിന് ടി20 അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് കരുതുന്നത്.

ഏഷ്യാ കപ്പിന് മുമ്പ് ഗില്ലിന് ഫോം വീണ്ടെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് ഓപ്പണറായി നിലനിര്‍ത്തുന്നത്. മാത്രമല്ല, ജയ്സ്വാള്‍ വരുമ്പോള്‍ ഇടം കൈ-വലം കൈ ഓപ്പണിംഗ് സഖ്യത്തെ നിലനിര്‍ത്താനും കഴിയും. അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച തിലക് വര്‍മ ടീമില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണ് വീണ്ടും അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്ന് സ്പിന്നര്‍മാരുമായി തന്നെയായിരിക്കും ഇന്ത്യ ഇറങ്ങുക.

അര്‍ഷദീപ് സിംഗ് – മുകേഷ് കുമാര്‍ ജോഡി പേസര്‍മാരായും ഉണ്ടാകും. കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ്. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന പേസ്‌നിര പേരുകേട്ട ഇന്ത്യന്‍ നിരക്കെതിരെ 149 റണ്‍സാണ് പ്രതിരോധിച്ചത്. നിക്കോളസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ക്യാപ്റ്റന്‍ റോമന്‍ പവല്‍ , ഷായ് ഹോപ് എന്നിവരിലാണ് ആതിഥേയരുടെ ബാറ്റിംഗ് പ്രതീക്ഷ.

ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍.

Top