ടീം ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ അത്ഭുതമെന്ന് സുനില്‍ ഗാവസ്‌കര്‍

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ ബാറ്റിംഗ് ക്രമത്തില്‍ അത്ഭുതം പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. നിലവിലെ ടീം ഒരു താരത്തെ മിസ് ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ വ്യക്തമാക്കി. ടീം ഇന്ത്യയുടെ ബാറ്റിംഗ് ക്രമത്തില്‍ തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട് ഗാവസ്‌കര്‍.

‘സത്യസന്ധമായി പറഞ്ഞാല്‍ റിഷഭ് പന്ത് ഓപ്പണറുടെ റോളിലെത്തിയത് അമ്പരപ്പിച്ചു. കാരണം ടീമിന്റെ സാഹചര്യം അനുസരിച്ച് ആറ്, ഏഴ് നമ്പറുകളില്‍ കളിക്കേണ്ട താരമാണ് റിഷഭ് എന്നാണ് എപ്പോഴും എന്റെ വിശ്വാസം. റിഷഭായിരിക്കണം ഫിനിഷര്‍. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം കെ എല്‍ രാഹുല്‍ വരണം.

സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം. റിഷഭ് പന്തിന് ശേഷം വാഷിംഗ്ടണ്‍ സുന്ദര്‍ വരണം. ഏഴോ എട്ടോ നമ്പറുകളില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീം ഇന്ത്യ മിസ് ചെയ്യുന്നുണ്ട്. ഏറെ റണ്‍സ് കണ്ടെത്തുകയും കൂറ്റനടികള്‍ നടത്തുകയും ചെയ്യുന്ന താരമാണയാള്‍. അതിനൊപ്പം മികച്ച ഫീല്‍ഡറും മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കുന്ന ബൗളറും. രവീന്ദ്ര ജഡേജയെ ഈ ഇന്ത്യന്‍ ടീം ഏറെ മിസ് ചെയ്യുന്നതായും’ ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

 

Top