എറിഞ്ഞുപിടിച്ച് ഇന്ത്യ; സ്പിന്നർമാർക്ക് മുന്നിൽ വീണ് വിൻഡീസ്: ഇന്ത്യയുടെ വിജയലക്ഷ്യം 177,

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഒരു ഘട്ടത്തില്‍ 79ന് ഏഴ് എന്ന ദയനീയ നിലയിലായിരുന്നു വിന്‍ഡീസ്. സിറാജ് തുടങ്ങിവെച്ച വിക്കറ്റ് വേട്ട സ്പിന്നര്‍മാരായ യൂസ്വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറും കൂടി ഏറ്റെടുക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ ചഹല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 57 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഫാബിയന്‍ അലന്‍ 29 റണ്‍സ് നേടി പിന്തുണകൊടുത്തു. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 78 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിന്‍ഡീസിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അല്ലായിരുന്നുവെങ്കില്‍ വിന്‍ഡീസ് സ്‌കോര്‍ 100ല്‍ ഒതുങ്ങിയേനെ.

 

Top