ടി20 പരമ്പര; ഹാര്‍ദിക്കും സംഘവും ഇന്നിറങ്ങും, തിരിച്ചടിക്കാന്‍ ശ്രീലങ്ക

പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. പൂനെയിൽ വൈകിട്ട് ഏഴിനാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. പരിക്കേറ്റ സഞ്ജു സാംസൺ ഇന്ന് കളിക്കില്ല. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ലങ്കയ്ക്ക് ജയം അനിവാര്യമാണ്. ഹാർദിക് പാണ്ഡ്യയും സംഘവും പരമ്പര വിജയം ലക്ഷ്യമിടുമ്പോൾ ബിസിസിഐ ഉറ്റുനോക്കുന്നത് ഭാവിയിലേക്ക്. വരുംനാളുകളിൽ ടീം ഇന്ത്യയുടെ പതാകവാഹകരവേണ്ട താരങ്ങളെയാണ് ബിസിസിഐ ലങ്കയ്‌ക്കെതിരെ അണിനിരത്തുന്നത്.

ടീമിൽ സ്ഥാനമുറപ്പിക്കാൻ യുവതാരങ്ങൾക്കെല്ലാം പരമ്പര നിർണായകം. ആദ്യമത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റ സഞ്ജു സാംസൺ ഇന്ന് കളിക്കില്ല. സഞ്ജുവിന് പകരം വിദർഭ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തി. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പറാണ് ജിതേഷ് ശർമ. സഞ്ജുവിന് പകരം റുതുരാജ് ഗെയ്ക്‌വാദോ രാഹുൽ ത്രിപാഠിയോ ടീമിലെത്താനാണ് സാധ്യത. അർഷ്ദീപ് സിംഗ് അസുഖം മാറി തിരിച്ചെത്തുകയാണെങ്കിൽ ഉമ്രാൻ മാലിക്ക് വഴിമാറിക്കൊടുക്കും.

സ്പിന്നർമാരായ അക്‌സർപട്ടേലിനും യുസ്‌വേന്ദ്ര ചഹലിനും സ്ഥാനമുറപ്പ്. ലങ്കൻ നിരയിലും കാര്യമായ മാറ്റത്തിന് സാധ്യതയില്ല. കുശാൽ മെൻഡിസ്, ധനഞ്ജയ ഡിസിൽവ, ഭാനുക രജപക്‌സെ, ക്യാപ്റ്റൻ ദസുൻ ഷനക, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരിലാണ് ലങ്കൻ പ്രതീക്ഷ. എം സി എ സ്റ്റേഡിയത്തിൽ നടന്ന മുപ്പത്തിനാല് ട്വന്റി 20യിൽ ഇരുപത്തിയൊൻതിലും ജയിച്ചത് ആദ്യം ബാറ്റ്‌ചെയ്തവർ. സ്പിന്നർമാരുടെ പ്രകടനവമാവും കളിയുടെ ഗതിനിശ്ചയിക്കുക.

ഇന്ത്യയുടെ സാധ്യതാ ഇലവൻ: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സർ പട്ടേൽ, ഹർഷൽ പട്ടേൽ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക്, ശിവം മാവി.

Top