ഇന്ത്യക്ക് തകർച്ച; ബാറ്റർമാരെ വെള്ളം കുടിപ്പിച്ച് ലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെ

കൊളംബോ : ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞതിന്റെ ആവേശത്തില്‍ ശ്രീലങ്കക്കെതിരെ സൂപ്പര്‍ ഫോര്‍ പോരിനിറങ്ങിയ ഇന്ത്യയെ വെള്ളം കുടിപ്പിച്ച് ലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് വെല്ലാലഗെയുടെ സ്പിന്‍ കെണിയില്‍ മുട്ടുകുത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-ഗില്‍ സഖ്യം 11 ഓവറില്‍ 80 റണ്‍സടിച്ചതോടെ ഇന്ത്യ പാക്കിസ്ഥാനെതിരെയെന്ന പോലെ വമ്പന്‍ സ്കോര്‍ സ്വപ്നം കണ്ടു.

എന്നാല്‍ സ്കോര്‍ 80ല്‍ നില്‍ക്കെ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനക വെല്ലാലഗെയെ പന്തെറിയാാന്‍ വിളിച്ചു. തന്റെ സ്പെല്ലിലെ ആദ്യ പന്തില്‍ തന്നെ ഗില്ലിനെ വീഴ്ത്തിയാണ് വെല്ലാലഗെ തുടങ്ങിയത്. അത് വരാനിരിക്കുന്നതിന്റെ സൂചന മാത്രമാാണെന്ന് ഇന്ത്യ അപ്പോള്‍ തിരിച്ചറിഞ്ഞില്ല. ഗില്ലിന് പിന്നാലെ സ്കോര്‍ 90ല്‍ നില്‍ക്കെ വിരാട് കോലിയെയും വെല്ലാലഗെ പുറത്താക്കി. പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വെല്ലാലഗെയുടെ സ്പിന്നില്‍ വീണു. പിച്ചില്‍ നിന്ന് കാര്യമായ ടേണ്‍ ലഭിച്ചതോടെ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകെ ചരിത് അസലങ്കയെ പന്തെറിയാന്‍ വിളിച്ചു.

അസലങ്കയും ഇന്ത്യയെ പരീക്ഷിച്ചു. ഇതിനിടെ രാഹുലും കിഷനും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തിയെങ്കിലും രാഹുലിനെയും പിന്നാലെയെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെയും വീഴ്ത്തി വെല്ലാലെഗെ അഞ്ച് വിക്കറ്റ് തികച്ചു. ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ ഇഷാന്‍ കിഷനൊഴികെയുള്ളവരെയെല്ലാം പുറത്താക്കിയ വെല്ലാലെഗെക്ക് ഒപ്പം അസലങ്ക കൂടി ചേര്‍ന്നതോടെ ഇന്ത്യ 30-ാം ഓവറില്‍ 154-3 എന്ന ശക്തമായ നിലയില്‍ നിന്ന് 186-9ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മഴമൂലം കളി നിര്‍ത്തുമ്പോള്‍ 45 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെന്ന നിലയിലാണ്.

Top