റെക്കോര്‍ഡ് പരമ്പര സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരേ ഇന്നിങ്‌സ് ജയം

പൂണെ: പൂണെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് എറിഞ്ഞിട്ടു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായി വിജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

നേരത്തെ, ഫോളോഓണിന് അയക്കപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ക്കും അര്‍ധ സെഞ്ചുറി പോലും തികയ്ക്കാനായില്ല. ബാറ്റേന്തിയ ആറു പേര്‍ക്കാണ് രണ്ടക്കം കാണാതെ മടങ്ങേണ്ടി വന്നത്. 72 പന്തില്‍ 48 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിനും 63പന്തില്‍ 38 റണ്‍സെടുത്ത ടെംബ ബവുമയ്ക്കും 72പന്തില്‍ 37 റണ്‍സെടുത്ത വെര്‍നോണ്‍ ഫിലാന്‍ഡറിനും മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരെ ചെറുത്തു നില്‍ക്കാനായത്. മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

ഒന്നാം ഇന്നിങ്സില്‍ 326 റണ്‍സ് കുറവുമായി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകരുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. നാലാം ദിവസത്തിലെ രണ്ടാം പന്തില്‍ തന്നെ എയ്ഡന്‍ മാര്‍ക്രത്തെ (0) മടക്കി ഇഷാന്ത് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. വൈകാതെ ഉമേഷ്, ത്യൂനിസ് ഡി ബ്രൂയിനെയും (8) മടക്കി. 54 പന്തുകള്‍ പ്രതിരോധിച്ച് അഞ്ചു റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ അശ്വിനും മടക്കി.

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ് ലി 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്. പരമ്പരയിലെ മൂന്നാം മല്‍സരം ഈ മാസം 19ന് റാഞ്ചിയിലാണ് തുടങ്ങുന്നത്.

Top