ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ നാളെ ഇറങ്ങും. ഇന്‍ഡോറിലാണ് മത്സരം. ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന രാജ്യാന്തര ടി20 മത്സരമാണിത്. ലോകകപ്പിന് മുമ്പ് ഏതാനും സന്നാഹമത്സരങ്ങളില്‍ കളിക്കുന്നുണ്ടെങ്കിലും ഇന്ത്യക്ക് മറ്റ് രാജ്യാന്തര മത്സരങ്ങളില്ല. അതുകൊണ്ടുതന്നെ ലോകകപ്പിന് മുമ്പ് അവസാനവട്ട പരീക്ഷണങ്ങള്‍ക്കുള്ള അവസരം കൂടിയാണ് മൂന്നാമത്തെ മത്സരം.

ഓപ്പണര്‍ കെ എല്‍ രാഹുലിനും വിരാട് കോലിക്കും വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ രണ്ടാം മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ എന്തായാലും ഉറപ്പാണ്. രണ്ട് ബാറ്റര്‍മാര്‍ക്ക് ഒരുമിച്ച് വിശ്രമം അനുവദിച്ചതോടെ ദീപക് ഹൂഡ ഇല്ലാത്ത സാഹചര്യത്തില്‍ അഞ്ച് സ്പെഷലിസ്റ്റ് ബാറ്റര്‍മാരുമായി ഇന്ത്യ നാളെ ഇറങ്ങേണ്ടി വരും. ബൗളിംഗ് നിരയിലും ചില മാറ്റങ്ങള്‍ നാളെ പ്രതീക്ഷിക്കാം. ഓപ്പണര്‍ സ്ഥാനത്ത് കെ എല്‍ രാഹുല്‍ ഇല്ലാത്തതിനാല്‍ റിഷഭ് പന്തിന് ഓപ്പണര്‍ സ്ഥാനത്ത് അവരമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിരാട് കോലിയുടെ അഭാവത്തില്‍ വണ്‍ ഡൗണായി സൂര്യകുമാര്‍ യാദവ് എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കും.ദിനേശ് കാര്‍ത്തിക് അഞ്ചാം നമ്പറിലും അക്സര്‍ പട്ടേല്‍ ആറാം നമ്പറിലും ഇറങ്ങുമ്പോള്‍ രവിചന്ദ്ര അശ്വിനാവും ഏഴാം നമ്പറിലെത്തുക.

ബൗളിംഗ് നിരയിലും നാളെ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയെങ്കിലും ലോകകപ്പ് കണക്കിലെടുത്ത് ഹര്‍ഷല്‍ പട്ടേലിന് വീണ്ടും അവസരം കൊടുത്തേക്കും. മികച്ച ഫോമിലുള്ള ദീപക് ചാഹര്‍ ടീമില്‍ തുടരുമ്പോള്‍ രണ്ടാം മത്സരത്തില്‍ 60 റണ്‍സിലേറെ വഴങ്ങിയെങ്കിലും അര്‍ഷ്ദീപ് സിംഗും ടീമില്‍ തുടരും. യുസ്‌വേന്ദ്ര ചാഹലോ മുഹമ്മദ് സിറാജോ പതിനൊന്നാമനായി ടീമിലെത്തും.

Top