റാഞ്ചിയില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം; ദക്ഷിണാഫ്രിക്കയെ 202 റണ്‍സിന് തുരത്തി

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം. ഒരു ഇന്നിംഗ്സിനും 202 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. പരമ്പര വൈറ്റ് വാഷ് ചെയ്തതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്തി.

നാലാം ദിനം 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയില്‍ മത്സരം ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് 1 റണ്‍ മാത്രം കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളൂ. 16 റണ്‍സെടുത്ത് നില്‍ക്കെ ഓപ്പണര്‍ എല്‍ഗര്‍ പരിക്കേറ്റ് പുറത്തായതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഇതോടെ നാലാം ദിനത്തിന്റെ തുടക്കത്തില്‍ 30 റണ്‍സുമായി ഡീബ്രൂയ്ന്‍ പുറത്തായതോടെ മത്സരം അവസാനിച്ചു.
തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 497 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിംഗ്സിസില്‍ 162 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത സന്ദര്‍ശകരുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ബാറ്റ്സ്മാന്‍മാരെ കൂടാരം കയറ്റി.

രണ്ടാം ഇന്നിംഗ്സില്‍ ഷമി മൂന്നും ഉമേഷ് യാദവ്, ഷഹബാസ് നദീം എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍മാരായ ജഡേജയും അശ്വിനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. സ്വന്തം നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11ാം ടെസ്റ്റ് പരമ്പര വിജയമാണിത്.

Top