ഡീന്‍ എല്‍ഗറിന് അര്‍ധ സെഞ്ചുറി ; പ്രതീക്ഷയര്‍പ്പിച്ച്‌ ദക്ഷിണാഫ്രിക്ക

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ദക്ഷിണാഫ്രിക്ക നിലയുറപ്പിക്കുന്നു. അര്‍ധ സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗറിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. 112 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. എല്‍ഗറിനൊപ്പം 35 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 18 റണ്‍സെടുത്ത ടെംബ ബവുമയുടെ വിക്കറ്റാണ് അവര്‍ക്ക് മൂന്നാം ദിനം നഷ്ടമായത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. എയ്ഡന്‍ മര്‍ക്രാം (5), ത്യൂനിസ് ഡി ബ്രുയിന്‍ (4), ഡെയ്ന്‍ പിഡ്റ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനത്തില്‍ തന്നെ നഷ്ടമായിരുന്നു.

നേരത്തെ ഇരട്ട സെഞ്ചുറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെയും സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 502 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. അഗര്‍വാള്‍ 215 ഉം , രോഹിത്ത് 176 ഉം റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 317 റണ്‍സാണ് എടുത്തത്. ടെസ്റ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചുറി നേടുന്ന ഓപ്പണിങ് ജോഡി എന്ന റെക്കോഡ് രോഹിത്ത്-മായങ്ക് സഖ്യം സ്വന്തമാക്കി. പൂജാര(6), കോഹ്ലി(20), രഹാനെ (15), വിഹാരി(10), സാഹാ (21) എന്നിവര്‍ക്ക് ഫോം കണ്ടെത്താനായില്ല. ജഡേജ 30 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി മഹാരാജ് മൂന്ന് വിക്കറ്റ് എടുത്തു. മറുപടി ബാറ്റിങില്‍ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തു. രവിചന്ദ്രന്‍ അശ്വിനാണ് രണ്ട് വിക്കറ്റ്. ജഡേജ ഒരു വിക്കറ്റും നേടി.ഗാന്ധിമണ്ടേല ഫ്രീഡം സീരിസില്‍ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പര നാട്ടില്‍ നേടുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ കളിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര (2 0) ഏകപക്ഷീയമായി സ്വന്തമാക്കിയ ഇന്ത്യ 120 പോയന്റുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതാണ്.

Top