ക്രിക്കറ്റിലും പാക്കിസ്ഥാന് തിരിച്ചടി, വിജയം രചിച്ച് വീണ്ടും ഇന്ത്യ !

മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ ജയം. ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം 89 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്.

മാഞ്ചസ്റ്ററിൽ 89 റൺസിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമ (140)യുടെ സെഞ്ചുറി കരുത്തിൽ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാൻ 35 ഓവറിൽ ആറിന് 166ൽ നിൽക്കെ മഴയെത്തുകയായിരുന്നു. പിന്നീട് വിജയലക്ഷ്യം 40 ഓവറിൽ 302 റൺസാക്കി കുറച്ചു.

എന്നാൽ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കർ, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്. 62 റൺസെടുത്ത ഫഖർ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ലോകകപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻറെ തുടർച്ചയായ ഏഴാം തോൽവിയാണിത്.

Top