രണ്ടാം ഏകദിനത്തില്‍ അമ്പയറോട് ക്ഷുഭിതനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി

ഹാമില്‍ട്ടണ്‍: അമ്പയറോട് കലുഷിതനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സമയം അവസാനിച്ചിട്ടും ഡി.ആര്‍.എസിന് അമ്പയര്‍ അനുമതി നല്‍കിയതാണ് കോഹ്‌ലിയ രോഷാകുലനാക്കിയത്.

ന്യൂസീലന്‍ഡ് ഇന്നിങ്സിലെ 17-ാം ഓവറിലായിരുന്നു സംഭവം നടന്നത്. യുസ്വേന്ദ്ര ചാഹല്‍ എറിഞ്ഞ ഈ ഓവറിലെ അഞ്ചാം പന്തില്‍ ഹെന്‍ട്രി നിക്കോള്‍സ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഇന്ത്യന്‍ താരങ്ങളുടെ ശക്തമായ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ട്ടിന്‍ ഗപ്റ്റിലുമായി ചര്‍ച്ച ചെയ്ത ശേഷം ഹെന്‍ട്രി നിക്കോള്‍സ് ഡി.ആര്‍.എസിന് ആവശ്യപ്പെടുകയായിരുന്നു. പക്ഷെ അപ്പോഴേക്കും 15 സെക്കന്റ് കഴിഞ്ഞിരുന്നു.

എന്നാല്‍ അമ്പയര്‍ തീരുമാനം റിവ്യൂ നല്‍കി. റിവ്യൂവില്‍ നിക്കോള്‍സ് ഔട്ട് തന്നെയാണെന്ന് തെളിയുകയും ചെയ്തു. ഇതോടെ 59 പന്തില്‍ 41 റണ്‍സുമായി നിക്കോള്‍സ് പുറത്താവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി അമ്പയറോട് കലുഷിതനായി സംസാരിച്ചത്.

15 സെക്കന്റിനുള്ളില്‍ ഡി.ആര്‍.എസ് ആവശ്യപ്പെടണമെന്നാണ് നിയമമെന്നും എന്നാല്‍ ന്യൂസീലന്‍ഡ് ബാറ്റ്സ്മാന്‍ അതില്‍ കൂടുതല്‍ സമയം എടുത്തുവെന്നും അമ്പയര്‍ ഡി.ആര്‍.എസ് അനുവദിക്കാന്‍ പാടില്ലെന്നുമാണ് കോഹ്‌ലി വാദിച്ചത്.

Top