ടി20 പരമ്പര;ഇന്ത്യക്ക് തിരിച്ചടിയായി യുവതാരത്തിന്റെ പരിക്ക്

റാഞ്ചി:ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്ക് തുടങ്ങാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി യുവതാരത്തിന്റെ പരിക്ക്. കൈക്കുഴക്ക് പരിക്കേറ്റ ഓപ്പണർ റുതുരാജ് ഗെയ്ക്‌വാദിന് പരമ്പരയിൽ കളിക്കാനാവില്ല.ടി20 പരമ്പരക്കായി ഇന്ന് റാഞ്ചിയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരേണ്ടതായിരുന്നെങ്കിലും കൈക്കുഴക്ക് പരിക്കേറ്റ ഗെയ്‌ക്‌വാദ് തുടർചികിത്സകൾക്കായി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി.റുതുരാജിന്റെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം ശ്രീലങ്കക്കെതിരെ നടന്ന ടി20 പരമ്പരയും കൈക്കുഴക്കേറ്റ പരിക്കിനെ തുടർന്ന് റുതുരാജിന് നഷ്ടമായിരുന്നു.

റുതുരാജിന്റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താനുള്ള സാധ്യത കുറവാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കാൽ മുട്ടിലെ പരിക്കിനുള്ള തുടർ ചികിത്സകൾക്ക് വിധേയനായ സഞ്ജു ഇപ്പോൾ കൊച്ചിയിൽ ഫിസിയോതെറാപ്പിക്ക് വിധേയനാകുകയാണ്. ഇഷാൻ, കിഷനും ശുഭ്മാൻ ഗില്ലും പൃഥ്വി ഷായും അടക്കമുള്ള ഓപ്പണർമാർ ടീമിലുള്ളതിനാൽ റുതുരാജിൻറെ പരിക്ക് ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കില്ലെന്നാണ് സൂചന.

Top