കിവീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ഇൻഡോർ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. നാളത്തെ മത്സരവും ജയിച്ചാൽ ടി20ക്ക് പിന്നാലെ ഏകദിന റാങ്കിംഗിലും ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനാവും. ഇംഗ്ലണ്ടാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റതോടെയാണ് ന്യൂസിലൻഡിന് ഒന്നാം സ്ഥാനം നഷ്ടമായത്.

പരമ്പര നേടിയതിനാൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത് പേസ് ബൗളർമാരിൽ ചിലർക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ സൂചന നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ബൗളിംഗ് നിരയിൽ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബാറ്റിംഗ് നിരയിൽ കാര്യമായ മാറ്റങ്ങൾ സാധ്യതയില്ലെന്നാണ് സൂചന. ഓപ്പണിംഗിൽ ക്യാപ്റ്റൻ രോഹിത് ശർമും ശുഭ്മാൻ ഗില്ലും ഇറങ്ങുമ്പോൾ മൂന്നാം നമ്പറിൽ വിരാട് കോലിയും നാലാമതായി ഇഷാൻ കിഷനും കളിക്കും. സൂര്യകുമാർ യാദവും ഹാർദ്ദിക് പാണ്ഡ്യയുമാകും തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്പിൻ ബൗളിംഗ് ഓൾ റൗണ്ടറായി ആദ്യ രണ്ട് ഏകദിനത്തിലും കളിച്ച വാഷിംഗ്ടൺ സുന്ദറിന് പകരം ഇടം കൈയൻ സ്പിന്നർ ഷഹബാസ് അഹമ്മദിന് മൂന്നാം ഏകദിനത്തിൽ അവസരം ലഭിച്ചേക്കും.

അതുപോലെ സ്പിൻ നിരയിൽ കുൽദീപ് യാദവിനൊപ്പം യുസ്‌വേന്ദ്ര ചാഹലിനും പ്ലേയിഗ് ഇലവനിൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഇൻഡോറിലെ പിച്ച് ബാറ്റിംഗ് പറുദീസയാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മൂന്ന് സ്പിന്നർമാരുമായി കളിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇന്ത്യൻ ടീം മാനേജ്മെൻറിനുണ്ട്.

പേസ് നിരയിൽ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിക്കുമെന്നുറപ്പാണ്. എന്നാൽ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. മൂന്ന് പേസർമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ഷമി ടീമിൽ തുടരും. മുഹമ്മദ് സിറാജിന് പകരക്കാരനായി ഉമ്രാൻ മാലിക് ആകും പ്ലേയിംഗ് ഇലവനിൽ എത്തുക. മൂന്നാം പേസറായി ഷർദ്ദുൽ ഠാക്കൂർ ടീമിൽ തുടരും ഹാർദ്ദിക് പാണ്ഡ്യയ്ക്കാകും നാലാം പേസറുടെ ഉത്തരവാദിത്തം.

Top