വനിതാ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍

ഡെര്‍ബി: മിഥാലി രാജിന്റെ സെഞ്ചുറിയുടെയും വേദ കൃഷ്ണമൂര്‍ത്തിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെയും മികവില്‍ വനിതാ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇതോടെ ഇന്ത്യ സെമിഫൈനലില്‍ കടന്നു.

186 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ന്യൂസിലാന്‍ഡിന് സാധിച്ചില്ല. ഇന്ത്യയുടെ ശക്തമായ ബൗളിങ്ങില്‍ പിടിച്ച്‌ നില്‍ക്കാനാകാതെ 79 റണ്‍സിന് ന്യൂസിലാന്‍ഡ് പുറത്തായി.

21 റണ്‍സിന് ഓപ്പണര്‍മാര്‍ രണ്ടുപേരെയും നഷ്ടപ്പെട്ട ഇന്ത്യയെ മിഥാലി രാജും ഹര്‍മന്‍പ്രീത് കൗറും വേദ കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് മികച്ച സ്‌കോറിലെത്തിച്ചത്. 123 പന്തില്‍ നിന്ന് 11 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മിഥാലി രാജ് ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടിയത്. മിഥാലിയുടെ കരിയറിലെ ആറാമത്തെ ഏകദിന സെഞ്ചുറിയാണിത്.

90 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ മിഥാലിക്ക് പിന്തുണ നല്‍കി. 45 പന്തില്‍ നിന്ന് രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 70 റണ്‍സെടുത്ത വേദയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയെ 265 റണ്‍സിലെത്തിച്ചത്.

അവസാന ഓവറിലെ അവസാന നാല് പന്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കാസ്‌പെരക് എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ മിഥാലി രാജിനെ സാറ്റേത്വെയ്റ്റ് പിടിച്ചപ്പോള്‍ അഞ്ചാം പന്തില്‍ വേദ കൃഷ്ണമൂര്‍ത്തി റണ്ണൗട്ടായി. അവസാന പന്തില്‍ ശിഖ പാണ്ഡെയും റണ്ണൊന്നുമെടുക്കാതെ പുറത്തായി. കാസ്‌പെരെക് മൂന്ന് വിക്കറ്റും റോവെ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ഈ മത്സരം ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനല്‍ പ്രവേശനം സാധ്യമാകൂ.

Top