ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ കളത്തിലിറങ്ങുന്നു. മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യമത്സരം ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.

കെഎല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രാഹുല്‍ വിട്ടു നില്‍ക്കുന്നത്. പരിക്കിനെത്തുടര്‍ന്നാണ് ശ്രേയസ്സിനെ ഒഴിവാക്കിയത്. പകരം രജത് പട്ടീദാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാഹുലിന് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തും. ലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടി മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി തുടര്‍ന്നേക്കും. ബംഗ്ലാദേശിനെതിരെ ഓപ്പണറായി ഇറങ്ങി ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ മധ്യനിരയില്‍ കളിക്കാനാണ് സാധ്യത.

അക്ഷര്‍ പട്ടേലിനും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. റിസര്‍വ് വിക്കറ്റ് കീപ്പറായി കെ എസ് ഭരതിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും സിനിയര്‍ ബൗളര്‍ ടിം സൗത്തിയും ഇല്ലാതെയാണ് കീവിസ് പരമ്പരയ്‌ക്കെത്തിയിട്ടുള്ളത്.

വില്യംസണിന് പകരം ടോം ലാതമാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. വെടിക്കെട്ട് ബാറ്റര്‍മാരായ ഫിന്‍ അലന്‍, ഗ്ലോന്‍ ഫിലിപ്‌സ്, ഡെവണ്‍ കോണ്‍വേ തുടങ്ങിയര്‍ ടീമിലുണ്ട്. പാകിസ്ഥാനെതിരായ പരമ്പര 2-1 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഏകദിന റാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാരായ ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടാനെത്തിയിട്ടുള്ളത്.

Top