ഒന്നാം റാങ്ക് സ്വന്തമാക്കാന്‍ ഇന്ത്യ, ആശ്വാസ ജയത്തിന് കിവീസ്

ഇന്‍ഡോര്‍: ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം ഇന്ന് ഇൻഡോറിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. ഹൈദരാബാദിൽ ഇരു ടീമുകളും ചേര്‍ന്ന് അടിച്ചെടുത്തത് 686 റൺസ്. എന്നാല്‍ റായ്പൂരിൽ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ കിവീസ് മൂക്കുകുത്തിയപ്പോള്‍ ആകെ പിറന്നത് 219 റൺസ്.

റണ്‍ പറുദീസയായ ഇൻഡോർ കാത്തുവച്ചിരിക്കുന്നത് എന്തായിരിക്കും എന്നാണ് ആരാധകരുടെ ആകാംക്ഷ. പരമ്പര സ്വന്തമാക്കി കഴിഞ്ഞതിനാൽ ഇന്ത്യക്ക് ആശങ്കയൊന്നുമില്ല. ബാറ്റർമാർ ഉഗ്രൻ ഫോമിൽ. രോഹിത് ശര്‍മക്കും വിരാട് കോലിക്കുമൊപ്പം ശുഭ്മാന്‍ ഗിൽ ഇന്ത്യയുടെ വിശ്വസ്തനായിക്കഴിഞ്ഞു. ലോകകപ്പ് ടീമിൽ ഇടമുറപ്പിക്കാൻ മികച്ച പ്രകടനം നടത്തുകയാവും ഇഷാൻ കിഷന്‍റെയും സൂര്യകുമാർ യാദവിന്‍റെയും ലക്ഷ്യം.

ഓൾറൗണ്ടർമാരായ ഹാർദിക് പണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും ടീമില്‍ തുടര്‍ന്നാല്‍ മൂന്നാം ഏകദിനത്തില്‍ ബൗളിംഗ് നിരയിൽ മാത്രമേ കാര്യമായ മാറ്റമുണ്ടാവൂ. മുഹമ്മദ് ഷമിക്കോ മുഹമ്മദ് സിറാജിനോ വിശ്രമം നൽകിയാൽ ഉമ്രാൻ മാലിക്ക് ടീമിലെത്തും. യുസ്‍വേന്ദ്ര ചഹലിനെ പരിഗണിച്ചാൽ കുൽദീപ് യാദവ് പുറത്തിരിക്കേണ്ടിവരും.

കിവീസിന്റെ ബാറ്റിംഗ്, ബൗളിംഗ് നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്. ഹൈദരാബാദില്‍ വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ കിവീസിന്‍റെ ടോപ് ഓര്‍ഡറിലെ ആദ്യ അഞ്ച് പേര്‍ നേടിയത് 101 റണ്‍സ്, റായ്പൂരിലാകട്ടെ 15 റണ്‍സും. താരതമ്യേന വലിപ്പം കുറഞ്ഞ ഇൻഡോർ സ്റ്റേഡിയത്തിൽ ബാറ്റിംഗ് വിക്കറ്റാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞുവീഴ്ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കില്ല.

2017ലാണ് ഇന്‍ഡോറില്‍ അവസാനം ഏകദിന മത്സരം നടന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയത് 293 റണ്‍സാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തില്‍ റിലീ റൂസ്സോ 48 പന്തില്‍ സെഞ്ചുറി നേടിയത് ഇതേ ഗ്രൗണ്ടിലാണ്. അന്ന് ദക്ഷിണാഫ്രിക്ക 20 ഓവറില്‍ അടിച്ചു കൂട്ടിയത് 227 റണ്‍സായിരുന്നു.

Top