സ്പിന്‍ പിച്ച് ഒരുക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

ലഖ്നൗ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഒരു പന്ത് ബാക്കിയിരിക്കെ ജയിച്ച് പരമ്പരയിൽ ഒപ്പമെത്തിയെങ്കിലും ലഖ്നൗവിലെ സ്പിൻ പിച്ചിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ. അവസാന ഓവർ വരെ വിജയിക്കാമെന്ന ആത്മവിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും മത്സരശേഷം ഹാർദ്ദിക് പറഞ്ഞു.

അവസാന നിമിഷം വരെ ജയിക്കുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷെ ജയം അൽപം താമസിച്ചുപോയി. സമ്മർദ്ദഘട്ടത്തിൽ പതറാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിഞ്ഞതാണ് നിർണായകമായത്. സത്യസന്ധമായി പറഞ്ഞാൽ ലഖ്നൗവിലെ പിച്ച് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ടി20 ക്രിക്കറ്റിന് യോജിച്ച വിക്കറ്റായിരുന്നില്ല അത്.

വെല്ലുവിളികൾ നിറഞ്ഞ പിച്ചുകളിൽ കളിക്കുന്നതിന് ഞങ്ങൾ എതിരല്ല. പക്ഷെ ഈ പരമ്പരയിൽ ഇതുവരെ കളിച്ച രണ്ട് പിച്ചുകളും ടി20 ക്രിക്കറ്റിന് യോജിക്കുന്നതല്ല. പിച്ചൊരുക്കുന്നതിൽ ക്യൂറേറ്റർമാർക്ക് എവിടെയോ പിഴവ് പറ്റിയിട്ടുണ്ട്. ഒരുപക്ഷെ വളരെ നേരത്തെ തയാറാക്കിയ പിച്ചായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും ഹാർദ്ദിക് പറഞ്ഞു.

Top