ജയിച്ചാൽ പരമ്പര; ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവൻ

റായ്‌പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു. റായ്പൂരിലാണ് മത്സരം. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും ന്യൂസിലന്‍ഡ് നടത്തിയ പോരാട്ടം ഇന്ത്യയെ വിറപ്പിച്ചിരുന്നു. 350 റണ്‍സ് വിജയലക്ഷ്യം പിന്തുരവെ 131 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടമായശേഷം മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്‍റ്നറും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയെ തോല്‍വിയുടെ വക്കത്ത് എത്തിച്ചു.

അതുകൊണ്ടുതന്നെ നാളെ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ബൗളിംഗ് നിരയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മുഹമ്മദ് സിറാജ് മാത്രമാണ് പേസര്‍മാരില്‍ ആശ്രയിക്കാവുന്ന ബൗളറായി ഉള്ളത്. മുഹമ്മദ് ഷമിയും ഷര്‍ദ്ദുല്‍ താക്കൂറും ഹാര്‍ദ്ദിക് പാണ്ഡ്യയുമെല്ലാം റണ്‍സേറെ വഴങ്ങി. നാലാം സീമറായി പന്തെറിഞ്ഞ ഹാര്‍ദ്ദിക് ഏഴോവറില്‍ 70 റണ്‍സ് വഴങ്ങിയപ്പോള്‍ ഷമി പത്തോവറില്‍ 69ഉം ഷര്‍ദ്ദുല്‍ 7.2 ഓവറില്‍ 54ഉം റണ്‍സ് വിട്ടുകൊടുത്തു. ഈ സാഹര്യത്തില്‍ നാളെ ഷമിക്കോ ഷര്‍ദ്ദുലിനോ പകരം ഉമ്രാന്‍ മാലിക് ബൗളിംഗ് നിരയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുമ്പോഴും ഉമ്രാന്‍റെ ബൗളിം ഇക്കോണമിയും അത്ര മികച്ചതല്ല. സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സ്പിന്‍ ഓള്‍ റൗണ്ടറായി കളിച്ച വാഷിംഗ്ടണ്‍ സുന്ദറും റണ്‍സേറെ വഴങ്ങിയെന്നത് ഇന്ത്യക്ക് തലവേദനയാണ്.

ബാറ്റിംഗ് നിരയില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മും തന്നെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. വണ്‍ ഡൗണായി വിരാട് കോലിയും നാലാം നമ്പറില്‍ ഇഷാന്‍ കിഷനും എത്തുമ്പോള്‍ സൂര്യകുമാര്‍ അഞ്ചാം നമ്പറിലും ഹാര്‍ദ്ദിക് ആറാമതും ബാറ്റിംഗിനെത്തും.

Top