അയർലൻഡിനെതിരായ മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യ

ഡബ്ലിന്‍: ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞതിനാല്‍ മൂന്നാം മത്സരത്തില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര ചില പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര വിശ്രമിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഏഷ്യാ കപ്പിന് മുമ്പ് ബൗളര്‍മാര്‍ താളം കണ്ടെത്താന്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കണമെന്ന നിലപാടിലാണ് കോച്ച് സീതാന്‍ഷു കൊടാക്. ഈ സാഹചര്യത്തില്‍ ബുമ്ര ഇന്നും ക്യാപ്റ്റനായി തുടരും. ഏഷ്യാ കപ്പ് ടീമിലുള്ള പ്രസിദ്ധ് കൃഷ്ണയും പേസറായി ടീമില്‍ തുടര്‍ന്നേക്കും.

ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി പോയെങ്കിലും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ഒരിക്കല്‍ കൂടി മികവ് തെളിയിക്കാാന്‍ മലയാളി താരം സഞ്ജു സാംസണ് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇന്ന്. സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ബാറ്ററായി സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇന്ന് മികച്ചൊരു ഇന്നിംഗ്സ് പുറത്തെടുത്താല്‍ ലോകകപ്പ് ടീമിലെങ്കിലും സഞ്ജുവിന് പ്രതീക്ഷ വെക്കാം.

സഞ്ജുവിനെ മറികടന്ന് ഏഷ്യാ കപ്പ് ടീമിലിടം നേടിയ തിലക് വര്‍മക്കും തന്റെ സെലക്ഷനെ ന്യായീകരിക്കാന്‍ കിട്ടുന്ന അവസാന അവസരമായിരിക്കും ഇന്ന്. ആദ്യ രണ്ട് ടി20കളിലും നിറം മങ്ങിയ തിലക് ഇന്നും പരാജയപ്പെട്ടാല്‍ വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടും. വിന്‍ഡീസിനെതിരായ ഒറ്റ പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ പോലും മറികടന്ന് തിലക് ഏഷ്യാ കപ്പ് ടീമിലെത്തിയത്.

ഇടം കൈയന്‍ മധ്യനിര ബാറ്റര്‍ എന്നത് മാത്രമാണ് തിലകിന് അനുകൂല ഘടകമായത്. ബൗളിംഗ് നിരയില്‍ അര്‍ഷ്ദീപ് സിംഗിന് പകരം മുകേഷ് കുമാറോ ആവേശ് ഖാനോ പ്ലേയിംഗ് ഇലവനിലെത്താനും സാധ്യതയുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ടീമിലുണ്ടായിരുന്ന ആവേശ് ഖാന് ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഏഷ്യന്‍ ഗെയിംസ് ടീമിലും ഉള്‍പ്പെട്ട ആവേശ് ഖാന് മത്സരപരിചയം ഉറപ്പാക്കാന്‍ ഇന്ന് ഇറക്കാനുള്ള സാധ്യതയാണുള്ളത്. മറുവശത്ത് ആദ്യ രണ്ട് ടി20കളിലും തോറ്റ അയര്‍ലന്‍ഡാകട്ടെ ഒരു മത്സരമെങ്കിലും ജയിച്ച് മാനം കാക്കാനാണ് ഇന്നിറങ്ങുന്നത്.

Top