ഇന്ത്യ വീണു ! നാലാം ടെസ്റ്റില്‍ 60 റണ്‍സിന്റെ പരാജയം, ഇംഗ്ലണ്ടിന് പരമ്പര

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 60 റണ്‍സിന്റെ പരാജയവും പരമ്പര നഷ്ടവും. രണ്ടാം ഇന്നിംഗ്‌സില്‍ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് പുറത്തായി.

അര്‍ധശതകം പൂര്‍ത്തിയാക്കിയ നായകന്‍ വിരാട് കൊഹ്ലിയും (58) ഉപനായകന്‍ അജിങ്ക്യ രഹാനെയും (51) അശ്വിനും (25) ഒഴികെ ബാറ്റിംഗു മറന്ന ഇന്ത്യ അനായാസം കീഴടങ്ങുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ സ്വന്തമാക്കി. ഒരു മത്സരം ശേഷിക്കേ 3-1ന്റെ ലീഡ് ആയി ഇംഗ്ലണ്ടിന്. സ്‌കോര്‍: ഇംഗ്ലണ്ട് 246, 271. ഇന്ത്യ 273,184.

മൂവരെ കൂടാതെ ഋഷഭ് പന്തും (18) ധവാനും (17) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. രഹാനെയും കോഹ്ലിയും ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ മാത്രമാണ് ഇന്ത്യ വിജയം പ്രതീക്ഷവച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും 101 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിച്ച നായകനും ഉപനായകനും ഇന്ത്യയെ വിജയ തീരത്തേക്ക് അടുപ്പിക്കുന്നതിനിടെ മോയിന്‍ അലി വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. അലിയുടെ പന്തില്‍ കുക്ക് പിടിച്ചാണ് കൊഹ്ലി കൂടാരം കയറിയത്.

ഇതോടെ വിക്കറ്റ് ഒന്നിനു പിന്നാലെ ഒന്നായി നഷ്ടപ്പെടുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ (0) മടക്കം ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി. അല്‍പ പ്രതീക്ഷയുണ്ടായിരുന്ന രഹാനെയും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ പുറത്തായി. അലി തന്നെയാണ് രഹാനെയും പറഞ്ഞുവിട്ടത്.

വിക്കറ്റിനു മുന്നില്‍ കുടുങ്ങിയായിരുന്നു രഹാനെയുടെ മടക്കം. പന്ത് കൂറ്റന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബൗണ്ടറിയില്‍ കുക്ക് പിടിച്ച് പുറത്താക്കി. അലിക്കായിരുന്നു വിക്കറ്റ്. വാലറ്റത്ത് അശ്വിന്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് തോല്‍വിയുടെ ആഘാതം കുറച്ചത്. ഇന്ത്യയുടെ മൂന്നാം ടോപ് സ്‌കോറര്‍ അശ്വിനായിരുന്നു.

കൊഹ്ലിയേയും രഹാനയെയും പിഴുത മോയിന്‍ അലി തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയെ കടപുഴക്കിയത്. അലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റോക്‌സും അന്‍ഡേഴ്‌സണും രണ്ടു വീതം വിക്കറ്റ് സ്വന്തമാക്കി. സാം കരനും ബ്രോഡും ഓരോ വിക്കറ്റ് നേടി.

നേരത്തെ 260/8 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ഔട്ടായി. സ്റ്റ്യുവര്‍ട്ട് ബ്രോ ഡിനെ അക്കൗണ്ട് തുറക്കുംമുമ്പ് മുഹമ്മദ് ഷാമി പുറത്താക്കിയപ്പോള്‍, സാം കരനെ (46) ഇഷാന്ത് ശര്‍മ റണ്ണൗട്ടാക്കി. ഇന്ത്യയ്ക്കായി ഷാമി നാലും ഇഷാന്ത് രണ്ടും വിക്കറ്റ് നേടി.

Top