കോമൺവെൽത്ത് ഗെയിംസ് സെമിഫൈനലിനൊരുങ്ങി ഇന്ത്യൻ വനിതകൾ

നാളെ കോമൺവെൽത്ത് ഗെയിംസ് വനിത ക്രിക്കറ്റിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. വലിയ പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ നാളെ ഇറങ്ങുക എന്നുറപ്പാണ്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് പരാജയം നേരിട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനെയും ബാർബഡോസിനെയും തകർത്താണ് ഇന്ത്യ സെമിഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. നാളെ ഉച്ച കഴിഞ്ഞ് 3.30 നാണ് മത്സരം.

ബുധനാഴ്ച്ചയാണ് ഇന്ത്യ-ബാർബഡോസ് മത്സരം നടന്നത്. 100 റൺസിന്റെ വമ്പൻ വിജയമാണ് ബാർബഡോസിനെതിരെ ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് നേടിയപ്പോൾ ബാർബഡോസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുക്കാനേ സാധിച്ചുള്ളൂ. 46 പന്തിൽ 56 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 4 വിക്കറ്റ് വീഴ്ത്തി രേണുക സിംഗ് ബൗളിങ്ങിൽ നിർണായക പ്രകടനം കാഴ്ച്ചവെച്ചു.

Top