രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യ ആറിന് 300 റൺസ് എന്ന നിലയിൽ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 88 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 300 റൺസ് എന്ന നിലയിൽ. 33 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും അഞ്ചുറണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് പുറത്താവാതെ നില്‍ക്കുന്നത്. 231 പന്തുകളില്‍ നിന്നും 18 ബൗണ്ടറികളും രണ്ട് സിക്‌സുകളുമടക്കം സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ അജിങ്ക്യ രഹാനെയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ സ്കോർ ഉയർത്തിയത്.

161 റണ്‍സാണ് രോഹിത് ശര്‍മയുടെ ബാറ്റിൽ നിന്നും പിറന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരേ മൂന്നുഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് രോഹിത് സ്വന്തമാക്കി. ഒപ്പം 67 റണ്‍സെടുത്ത രഹാനെ താരത്തിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

149 പന്തുകളില്‍ നിന്നും ഒന്‍പത് ബൗണ്ടറികളുടെ ബലത്തിലാണ് രഹാനെ 67 റണ്‍സെടുത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 23-ാം അര്‍ധസെഞ്ചുറിയാണിത്. ടോസ് നേടി ബാറ്റിങ്ങ് തെരെഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ റണ്‍ നേടുന്നതിന് മുന്‍പ് തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഗില്ലിനെ ഒലി സ്‌റ്റോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര- രോഹിത് ശർമ്മ സഖ്യം 85 റണ്‍സ് ഉയർത്തി. എന്നാൽ 21 റൺസെടുത്ത ചേതേശ്വർ പൂജാരയെ ജാക്ക് ലീച്ച് മടക്കി. കോലിയെ മോയിൻ അലി മികച്ച ഒരു പന്തിലൂടെ ക്ലീൻ ബൗൾഡാക്കി.

161 റണ്‍സെടുത്ത രോഹിത്തിനെ ലീച്ച് മോയിന്‍ അലിയുടെ കൈകളിലെത്തിച്ചു. രോഹിത് ശര്‍മയ്ക്ക് പിന്നാലെ 67 റണ്‍സെടുത്ത രഹാനയെ മോയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ക്രീസില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്തും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 284-ല്‍ എത്തിച്ചു. എന്നാൽ 19 റണ്‍സെടുത്ത അശ്വിനെ പുറത്താക്കി നായകന്‍ ജോ റൂട്ട് ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചു. പന്തിനൊപ്പം 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് അശ്വിന്‍ മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് പന്ത് ഇന്ത്യന്‍ സ്‌കോര്‍ 300-ല്‍ എത്തിച്ചു.

Top