ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചു; ആദ്യ വിക്കറ്റ് നഷ്ടമായി

ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ ഇഷാന്ത് ശര്‍മ്മയാണ് പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 329 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. 300 റണ്‍സിന് ആറ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ശേഷിച്ച നാലുവിക്കറ്റുകള്‍ 29 റണ്‍സിനിടെ നഷ്ടപ്പെട്ടിരുന്നു.

അര്‍ധസെഞ്ചുറിയുമായി പുറത്താവാതെ നിന്ന ഋഷഭ് പന്തിന് മാത്രമാണ് രണ്ടാം ദിനം പിടിച്ചു നില്‍ക്കാനായത്. 77 പന്തുകളില്‍ നിന്നും 58 റണ്‍സാണ് പന്ത് നേടിയത്. താരത്തിന്റെ ആറാം ടെസ്റ്റ് അര്‍ധസെഞ്ചുറിയാണിത്.

മത്സരമാരംഭിച്ച് രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകളും വീണു. അഞ്ചുറണ്‍സെടുത്ത അക്ഷര്‍ പട്ടേലിനെയാണ് ആദ്യം നഷ്ടമായത്. മോയിന്‍ അലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് സ്റ്റംപ് ചെയ്താണ് താരം പുറത്തായത്. അക്ഷറിന് പകരം ഇഷാന്ത് ശര്‍മ ക്രീസിലെത്തി. ഒരു പന്ത് പ്രതിരോധിച്ച താരം തൊട്ടടുത്ത പന്തില്‍ മോയിന്‍ അലിയ്ക്ക് വിക്കററ് സമ്മാനിച്ചു. ഇതോടെ 300 ന് ആറ് എന്ന നിലയില്‍ നിന്നും 300 ന് എട്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ. രണ്ടു മുന്‍നിര ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിന് പുറത്തായ പിച്ചില്‍ രോഹിതിന്റെ സെഞ്ചുറിയോടെ (161) ഇന്ത്യ ആദ്യദിനം ആറിന് 300 റണ്‍സിലെത്തിയിരുന്നു.

 

 

Top