രണ്ടാം ദിനത്തിൽ പടുകൂറ്റൻ സ്കോർ ഉയർത്തി ഇംഗ്ലണ്ട്; ഇരട്ട സെഞ്ചുറിയുമായി ജോ റൂട്ട്

ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. കരിയറിലെ 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ പടുകൂറ്റൻ സ്കോർ ഉയർത്തിയത്. 377 പന്തുകള്‍ നേരിട്ട് രണ്ടു സിക്സും 19 ഫോറുമടക്കം 218 റണ്‍സെടുത്തത്തിനു ശേഷമാണ് റൂട്ട് ക്രീസ് വിട്ടത്. ഇതോടെ 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ അഞ്ചാം ഇരട്ട സെഞ്ചുറി കുറിച്ച റൂട്ട് ഷഹബാസ് നദീമിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ഡൊമിനിക് ബെസ്സും (28*) ജാക്ക് ലീച്ചുമാണ് (6*) ക്രീസില്‍.

രണ്ടാം ദിനം 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്യാപ്റ്റന്‍ ജോ റൂട്ട് – ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ് സഖ്യമാണ് ഇംഗ്ലണ്ടിന് ആധിപത്യം സമ്മാനിച്ചത്. 118 പന്തില്‍ നിന്ന് മൂന്നു സിക്സും 10 ഫോറുമടക്കം 82 റണ്‍സെടുത്ത സ്റ്റോക്ക്സിനെ പുറത്താക്കി ഷഹബാസ് നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ചാം വിക്കറ്റില്‍ റൂട്ടും ഒലി പോപ്പും ചേര്‍ന്ന് 86 റണ്‍സ് ചേര്‍ത്തു. 89 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത പോപ്പിനെ അശ്വിനാണ് പുറത്താക്കിയത്. ജോസ് ബട്ട്‌ലര്‍ (30), ജോഫ്ര ആര്‍ച്ചര്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യയ്ക്കായി ബുംറ, നദീം, അശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ദിനം ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഡോം സിബ്ലിയും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടോടെ മികച്ച തുടക്കം നല്‍കി. 33 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സിനെ പുറത്താക്കി അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡാനിയല്‍ ലോറന്‍സ് അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. പിന്നാലെ സിബ്ലിയും റൂട്ടും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 200 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കി. 286 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളുടെ സഹായത്തോടെ 87 റണ്‍സെടുത്ത സിബ്ലിയെ പുറത്താക്കി ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

Top