ഈഡനില്‍ ഇന്ത്യയുടെ പിങ്ക് വസന്തം; ചരിത്ര നേട്ടം കൈവരിച്ച് വിരാട് കോഹ്‌ലി

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേടിയത് അപൂര്‍വനേട്ടം. ബംഗ്ലദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ 32 റണ്‍സ് കൂടി നേടിയതോടെ ക്യാപ്റ്റനെന്ന നിലയില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി കോഹ്‌ലി. ലോക ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 5000 റണ്‍സ് പിന്നിട്ട അഞ്ച് നായകന്‍മാരെയുള്ളുവെന്നത് കോഹ്‌ലിയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ 5000 റണ്‍സ് തികയ്ക്കുന്ന താരമാകാന്‍ കോഹ്‌ലിക്ക് വേണ്ടത് 32 റണ്‍സ് മാത്രമായിരുന്നു. ക്യാപ്റ്റനായി ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് കോഹ്‌ലി അതുവരെ നേടിയത് 4968 റണ്‍സ് ആയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഗ്രെയിം സ്മിത്ത്(109 മത്സരങ്ങളില്‍ 8659 റണ്‍സ്), ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍(93 മത്സരങ്ങളില്‍ 6623 റണ്‍സ്), റിക്കി പോണ്ടിംഗ്(77മത്സരങ്ങളില്‍ 6542റണ്‍സ്), വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലോയ്ഡ്(74മത്സരങ്ങളില്‍ 5233 റണ്‍സ്), ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ലെമിംഗ്(80 മത്സരങ്ങളില്‍ 5156 റണ്‍സ്)എന്നിവരാണ് കോഹ്‌ലിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ നായകന്‍മാര്‍.

Top