ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം ജയിച്ചാൽ ഇന്ത്യ നേടുക ചരിത്രനേട്ടം

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് നാളെ ജയിച്ചാല്‍ ഏകദിന പരമ്പര 3-0ന് തൂത്തുവാരാം. ചരിത്രത്തില്‍ മുമ്പൊരിക്കലും ഇന്ത്യ ഓസ്ട്രേലിയക്കെിരായ ഏകദിന പരമ്പര തൂത്തുവാരിയിട്ടില്ല. ഇന്ത്യ മാത്രമല്ല, ഓസ്ട്രേലിയയും ഇന്ത്യക്കെതിരെ പരമ്പര തൂത്തുവാരിയിട്ടില്ല.

ആദ്യ രണ്ട് കളിയും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഇന്ത്യ പരമ്പര തൂത്തുവാരി ചരിത്രനേട്ടത്തോടെ ലോകകപ്പിന് ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ആശ്വാസ ജയത്തിനായിരിക്കും ഓസ്ട്രേലിയ ശ്രമിക്കുക. മൊഹാലിയിൽ അഞ്ച് വിക്കറ്റിനും ഇൻഡോറിൽ 99 റൺസിനും ആയിരുന്നു ഇന്ത്യയുടെ വിജയം.

ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടും ആദ്യ രണ്ട് കളികളിലും ഇന്ത്യക്ക് ആധികാരിക ജയം സ്വന്തമാക്കാനായത് നേട്ടമാണ്. രണ്ടാം മത്സരത്തില്‍ ജസ്പ്രീത് ബുമ്രയും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നില്ല. പ്ലേയിംഗ് ഇലവനിലെ അഞ്ച് താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഇല്ലാതിരുന്നിട്ടും ഓസീസ് ഇന്ത്യക്ക് മുന്നില്‍ വിയര്‍ത്തു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരവും ഓസ്ട്രേലിയക്കെതിരെ ആണ്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം.

ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലിന് നാളത്തെ മത്സരത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഗില്ലിന് പുറമെ ഓൾറൗണ്ടർ ഷാർദുൽ താക്കൂറൂം നാളെ കളിക്കില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാകും ഗില്ലിന് പകരം ഓപ്പണറായി എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം നമ്പറില്‍ വിരാട് കോലി ഇറങ്ങും.

Top