നീ ഇനി താടിയില്‍ ശ്രദ്ധിക്കൂ; മായങ്കിന്റെ നേട്ടം സോഷ്യല്‍ മീഡിയ ആഘോഷിച്ചത് രാഹുലിനെ ട്രോളി

മെല്‍ബണ്‍: ഓസിസിനെതിരെ ഇന്നലെ നടന്ന മൂന്നാം ടെസ്റ്റില്‍ ശരിക്കും തിളങ്ങിയത് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളാണ്. പക്ഷേ അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമായി മായങ്ക് അഗര്‍വാള്‍ വരവറിയിച്ചതോടെ മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ കഷ്ടകാലം അവിടെ തുടങ്ങുകയായിരുന്നു.

അത് മറ്റാരും അല്ല ആദ്യ രണ്ട് ടെസ്റ്റിലെ നാല് ഇന്നിംഗ്‌സുകളിലും ദയനീയമായി പരാജയപ്പെട്ട കെഎല്‍ രാഹുലിനെയാണ് സോഷ്യല്‍ മീഡിയ ട്രോളുകള്‍ കൊണ്ട് ഇന്നലെ പൊതിഞ്ഞത്. അരങ്ങേറ്റ മത്സരത്തില്‍ 76 റണ്‍സുമായി മായങ്ക് തിളങ്ങിയതോടെ രാഹുലിനെയും മുരളി വിജയ്‌യെയും കളിയാക്കിക്കൊല്ലുകയാണ് ട്രോളന്‍മാര്‍.

മായങ്കിന്റെ പ്രകടനം കണ്ടിരിക്കുന്ന രാഹുലും വിജയ്‌യും ഞങ്ങള്‍ നിക്കണോ അതോ പോണോ എന്ന് ചോദിക്കുന്നതാണ് രസകരമായ ഒരു ട്രോള്‍. നീ ഇനി താടിയില്‍ മാത്രം ശ്രദ്ധിക്കൂ, ഓപ്പണിംഗ് ഇനി ഞാന്‍ നോക്കിക്കൊള്ളാമെന്ന് മായങ്ക് രാഹുലിന്റെ താടിയില്‍ പിടിച്ച് പറയുന്നൊരു ട്രോളും ആരാധകര്‍ ഇറക്കിയിട്ടുണ്ട്.

ഓസിസിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും രാഹുലും മുരളിയും മോശം പ്രകടനമായിരുന്നു കളിക്കളത്തില്‍ കാഴ്ച വെച്ചത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഇരുവര്‍ക്കുമായില്ല. ഓപ്പണിംഗിലെ സ്ഥിരതയില്ലായ്മ ഇന്ത്യയുടെ മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മൂന്നാം ടെസ്റ്റിനായി രാഹുലിന്റെ നാട്ടുകാരന്‍ തന്നെയായ മായങ്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

Top