മത്സരം പുനരാരംഭിച്ചു; ക്രീസിൽ ഒസീസിനു വേണ്ടി പ്യുകോസ്‌കിക്കൊപ്പം ലബ്യുഷെയ്ൻ

സിഡ്‌നി: സിഡ്‌നിയിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. പുതിയ ഓപ്പണിങ് സഖ്യവുമായാണ് ഒസീസ് മൂന്നാം ടെസ്റ്റ് ഇന്ത്യക്കെതിരെ കളിച്ചത്. അരങ്ങേറ്റക്കാരനായ വില്‍ പ്യുകോസ്‌കിയും ഡേവിഡ് വാർണറുമാണ് ഓപ്പണറായി ഇറങ്ങിയത്. എന്നാൽ പരമ്പരയില്‍ ആദ്യമായി കളിച്ച ഡേവിഡ് വാര്‍ണറിനെ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായി. 5 റൺസെടുത്ത ഡേവിഡ് വാർണറിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. നാലാം ഓവറിലെ മൂന്നാമത്തെ ബോളിലാണ് അഞ്ചു റണ്‍സെടുത്ത വാര്‍ണറിനെ സിറാജിന്റെ ബൗളിങില്‍ ചേതേശ്വര്‍ പുജാര ക്യാച്ചെടുത്തത്.

ഒസീസ് 7.1 ഓവര്‍ മാത്രം ബാറ്റ് ചെയ്തപ്പോഴേക്കും വില്ലനായി മഴ എത്തുകയായിരുന്നു. പിന്നീട് നിർത്തി വെച്ച കളി ഇപ്പോൾ പുനരാരംഭിച്ചു. ഒസിസിനുവേണ്ടി യുവതാരം വില്‍ പ്യുകോസ്‌കിക്കൊപ്പം മാര്‍നസ് ലബ്യുഷെയ്‌നാണ് ഇപ്പോൾ ക്രീസിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും മൂന്നാം ടെസ്റ്റില്‍ എത്തുമ്പോൾ ഓസ്‌ട്രേലിയയും ഇന്ത്യയും ടീമില്‍ മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. ഓസ്‌ട്രേലിയ വില്‍ പുകോവ്‌സ്‌കി, ഡേവിഡ് വാര്‍ണര്‍ എന്നിവരെ കൊണ്ടുവന്നപ്പോള്‍ ഇന്ത്യ രോഹിത് ശര്‍മ, നവ്ദീപ് സൈനി എന്നിവര്‍ക്ക് അവസരം നല്‍കി. സൈനിയുടെയും പുകോവ്‌സ്‌കിയുടെയും അരങ്ങേറ്റ മത്സരമാണിത്.

Top