ഓസീസിനെതിരായ മൂന്നാം ഏകദിനം: രോഹിത്തിനും സംഘത്തിനും നിർണായകം

ചെന്നൈ: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ നടക്കും. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഇരുടീമും ചെന്നൈയിലെത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയും ജയിച്ചു. നാളെ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ പ്രധാന പ്രശ്‌നം പ്രധാന ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയാണ്.

മുൻനിര ബാറ്റർമാരിൽ ആരും സ്ഥിരത കാണിക്കുന്നില്ലെന്നുള്ളതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. അതിൽ പ്രധാനി സൂര്യകുമാർ യാദവ് തന്നെ. ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോൾഡൻ ഡക്കായി. താരത്തിന് ഏകദിന ടീമിൽ നിന്ന് ഒഴിവാക്കണമെന്നുള്ള വാദം ശക്തമാണ്. ഓപ്പണർ ശുഭ്മാൻ ഗില്ലിനും ആദ്യ രണ്ട് ഏകദിനത്തിൽ തിളങ്ങാൻ സാധിച്ചില്ല. രണ്ടാം ഏകദിനത്തിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമയും സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

വിരാട് കോലിയായിരുന്നു രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ. എങ്കിലും ഏകദിനത്തിൽ മികച്ച ഫോമിലെന്ന് പറയാറായിട്ടില്ല. മധ്യനിരയിൽ കെ എൽ രാഹുലിന് മികച്ച റെക്കോർഡുണ്ടെന്നുള്ളതാണ് ഇന്ത്യയുടെ ആശ്വാസം. രവീന്ദ്ര ജഡേജയും കരുത്ത് പകരുന്നു. എന്നാൽ രണ്ട് ഏകദിനങ്ങളിലും നിരാശപ്പെടുത്തി. അക്‌സർ പട്ടേൽ ബൗളിംഗിനൊപ്പം ബാറ്റിംഗിനും കരുത്ത് പകരുന്നു. അക്‌സറിനൊപ്പം നാളെ യൂസ്‌വേന്ദ്ര ചാഹലിനെ കളിപ്പിക്കാൻ സാധ്യതയേറെയാണ്. കുൽദീപ് രണ്ട് ഏകദിനത്തിലും അവസരം മുതലാക്കാനായില്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും രണ്ടാം ഏകദിനത്തിലും അടിമേടിച്ചെങ്കിലും സ്ഥാനം നിലനിർത്തും.

ഇന്ത്യ സാധ്യതാ ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യൂസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Top