ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനം; ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ഉജ്വല ജയം

ബെംഗളൂരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ഉജ്വല ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15 പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ അനായാസം വിജയത്തിലെത്തി. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

സെഞ്ചുറി നേടിയ രോഹിത്തിന്റെയും (119) അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലി (89) യുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 128 പന്തുകള്‍ നേരിട്ട രോഹിത് ആറ് സിക്സും എട്ട് ഫോറുമടക്കം 119 റണ്‍സ് നേടിയാണ് പുറത്തായത്. 91 പന്തുകള്‍ നേരിട്ട കോലി എട്ടു ഫോറുകളടക്കം 89 റണ്‍സെടുത്തു.

ശ്രേയസ് അയ്യര്‍ 35 പന്തില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നു. കോലി – അയ്യര്‍ സഖ്യം നാലാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മനീഷ് പാണ്ഡെ എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

മനീഷ് പാണ്ഡെ നാലു പന്തില്‍ എട്ടു റണ്‍സുമായി വിജയത്തിലേക്ക് അയ്യര്‍ക്കു കൂട്ടുനിന്നു. ശിഖര്‍ ധവാനു ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് ഓപ്പണറായെത്തിയ ലോകേഷ് രാഹുലാണ് (27 പന്തില്‍ 19) ഇന്ത്യന്‍ നിരയില്‍ പുറത്തായ മൂന്നാമന്‍. ഓസീസിനായി ആദം സാംപ, ആഷ്ടണ്‍ ആഗര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Top