ഓസ്‌ട്രേലിയയെ തളച്ച് ക്രുനാല്‍ പാണ്ഡ്യ; ഇന്ത്യയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ഓസീസിനെ പിടിച്ചുകെട്ടിയത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ജോണ്‍ ഷോര്‍ട്ടും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

8.3 ഓവറില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഓസ്‌ട്രേലിയയുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 28 റണ്‍സ് നേടിയ ഫിഞ്ചിനെ കുല്‍ദീപ് പാണ്ഡ്യയുടെ കയ്യിലെത്തിക്കുകയായിരുന്നു. പിന്നീട് പാണ്ഡ്യയുടെ അവസരമായിരുന്നു. 33 റണ്‍സ് നേടിയ ഷോര്‍ട്ടിനെ പാണ്ഡ്യ ആദ്യം വിക്കറ്റിന് മുന്നില്‍ കുടുക്കി.

മക്ഡര്‍മോട്ടിനെ റണ്‍സെടുക്കും മുമ്പെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പാണ്ഡ്യ 13 റണ്‍സെടുത്ത മാക്‌സ്വെല്ലിനെ രോഹിതിന്റെ കയ്യിലുമെത്തിച്ചു. 27 റണ്‍സ് നേടിയാണ് കാരെ മടങ്ങിയത്. 4 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തിയത്.

Top