ഇനിയും രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ട്, ഇന്ത്യ തിരിച്ചടിക്കും ; മുന്നറിയിപ്പുമായി ഗാംഗുലി

കൊല്‍ക്കത്ത: പെര്‍ത്ത് ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്കും ഇന്ത്യന്‍ നായകനുമെതിരെ അനവധി വിമര്‍ശനങ്ങളാണ് നാള്‍ക്കു നാള്‍ ഉയര്‍ന്നു വരുന്നത്. ഓസീസ് മാധ്യമങ്ങളാണ് കൂടുതലായും വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്നത്. ഇന്ത്യന്‍ ടീമിനെ പരിഹസിച്ചും നായകന്‍ വിരാട് കൊഹ്‌ലിയെ വിമര്‍ശിച്ചുമാണ് ഓസീസ് ഇന്ത്യയുടെ തോല്‍വി ആഘോഷിക്കുന്നത്.

ഇപ്പോള്‍ ഇതാ ഓസീസിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്. പെര്‍ത്ത് ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഓസീസ് മാധ്യമങ്ങള്‍ ഒരുപാട് പറയുന്നുണ്ടെന്ന് പറഞ്ഞ ഗാംഗുലി, ഇനിയും രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ടെന്നും ഇന്ത്യക്ക് അത് രണ്ടും ജയിച്ച് തിരിച്ചടിക്കാനാവുമെന്നും മുന്നറിയിപ്പ് നല്‍കി.

പെര്‍ത്ത് ടെസ്റ്റിന് പിന്നാലെ കൊഹ്‌ലിക്ക് നേരെ അനവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. കൊഹ്‌ലിയെ അനുകൂലിച്ച് കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.കൊഹ്‌ലിയുടെ ഈ അക്രമണോത്സുകത തന്നെയാണ് അദ്ദേഹത്തെ വിജയിക്കുന്ന ക്യാപ്റ്റനാക്കിയതെന്നും അതുകൊണ്ട് വിമര്‍ശനങ്ങള്‍ കേട്ട് അത് മാറ്റേണ്ട കാര്യമില്ലെന്നും മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ പറഞ്ഞു. കൊഹ്‌ലിയെപ്പോലെ വികാരങ്ങള്‍ മറച്ചുവെക്കാത്ത കളിക്കാരെ ക്രിക്കറ്റിന് ആവശ്യമാണെന്ന് ഓസീസ് ബാറ്റിംഗ് ഇതിഹാസം അലന്‍ ബോര്‍ഡറും പറഞ്ഞു.

Top