ഇന്ത്യ-ഓസ്ട്രേലിയ ഏകദിനം; ബാറ്റിങ് തിരഞ്ഞെടുത്ത് ഒസീസ്

സിഡ്‌നി: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് വിശ്രമത്തിലായ ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയ്നിസിന് പകരം മോയിസ് ഹെന്റിക്വസാണ് ടീമില്‍ ഇടംനേടിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ 66 റണ്‍സിന്റെ വിജയം നേടിയ ഒസീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ കളിയില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സ് എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തിലെ പിഴവുകള്‍ തിരുത്തി ഇന്നത്തെ കളിയോടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

 

ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. ആദ്യ മത്സരത്തില്‍ ബൗളിങില്‍ ഇന്ത്യയുടെ മുഹമ്മദ് ഷമിക്ക് മാത്രമേ, ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ.

Top