രോഹിത് ശര്‍മ്മയ്ക്കും റിതികയ്ക്കും കുഞ്ഞുപിറന്നു; സിഡ്‌നിയില്‍ താരം കളിച്ചേക്കില്ല

മുംബൈ: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയെ തേടി ത്തെിയത് സന്തോഷ വാര്‍ത്ത. രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദേഹിനും കുഞ്ഞു പിറന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ കായിക ലോകം ആഘോഷിക്കുന്നത്.

രോഹിത്തിനും റിതികയ്ക്കും പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത റിതികയുടെ കസിനും നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ ഖാന്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ റിതിക ഗര്‍ഭിണിയാണെന്ന വിവരം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും മറച്ചു വെച്ചിരുന്നുവെങ്കിലും രോഹിത് അച്ഛനാകാന്‍ പോവുകയാണെന്ന് ഇന്ത്യന്‍ താരങ്ങള്‍ തന്നെ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.

അച്ഛനാകുന്നതിനെ കുറിച്ചും കുഞ്ഞിന്റെ വരവ് ജീവിതത്തിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രോഹിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അച്ഛനാകാന്‍ കാത്തിരിക്കാന്‍ വയ്യ. ജീവിതം മാറി മറിയും. ആകാംഷയോടെ ഞാന്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു രോഹിത് പറഞ്ഞത്.

അതേ സമയം കുഞ്ഞിനെ കാണുവാന്‍ അവധി എടുക്കുന്നതിനാല്‍ ചിലപ്പോള്‍ രോഹിത്ത് നാലാമത്തെ ടെസ്റ്റിന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുണ്ട്.

Top