അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ പാറ്റ് കമിന്‍സിനെ പ്രകോപിപ്പിച്ച് റിഷഭ്‌ പന്ത്; പറഞ്ഞത് ഇങ്ങനെ

rishabh pant

അഡ്‌ലെയ്ഡ്: ഇന്ത്യാ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 11 ക്യാച്ചുകളെടുത്ത റിഷഭ്‌ പന്ത് റെക്കോഡ് നേട്ടമാണ് കളിയില്‍ കാഴ്ച വെച്ചത്. കളിയില്‍ ഉടനീളം മികച്ച ഫോമിലായിരുന്നു പന്ത്. പക്ഷേ ബാറ്റിംഗില്‍ പന്ത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എങ്കിലും ആ കോട്ടം ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം കൊണ്ട് പന്ത് മായ്ച്ചു കളഞ്ഞു.

ഇതുമാത്രമല്ല, ആദ്യ ടെസ്റ്റില്‍ പന്തിനെ ശ്രദ്ധേയനായക്കിയത്. വിക്കറ്റിന് പിന്നില്‍ നിന്ന് തുടര്‍ച്ചയായി ഓസീസ് ബാറ്റ്‌സ്മാന്‍മാരെ വാക്കുകള്‍കൊണ്ട് പ്രകോപിപ്പിച്ചും പന്ത് ശ്രദ്ധേയനായി. പാറ്റ് കമിന്‍സും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു പന്തിന്റെ രസകരമായ സംഭാഷണങ്ങളിലൊന്ന്.

എല്ലാവരും പൂജാരയല്ല പാറ്റ്, ഇവിടെ പിടിച്ചുനില്‍ക്കാന്‍ പാടാണ്, ഒന്നു രണ്ട് സിക്‌സൊക്കെ അടിക്കു പാറ്റ്, എന്താ പാറ്റ് മോശം പന്തുകളെ അതിര്‍ത്തി കടത്തുന്നില്ലെ, എന്ന് തുടര്‍ച്ചായായി ചോദിച്ച് പന്ത് പാറ്റ് കമിന്‍സിനെ പ്രകോപിപ്പിച്ചു. സ്റ്റംപ് മൈക്കില്‍ പന്തിന്റെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ആവുകയും ചെയ്തു. ഇത് താന്‍ ബോധപൂര്‍വം ചെയ്യുന്നതാണെന്ന് പന്ത് പിന്നീട് മത്സരശേഷം പറഞ്ഞു. ഞാന്‍ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ബൗളറെ ശ്രദ്ധിക്കാതെ ബാറ്റ്‌സ്മാന്‍മാര്‍ എന്നെ ശ്രദ്ധിക്കും. അതുതന്നെയാണ് നമുക്ക് വേണ്ടതുമെന്നായിരുന്നു മത്സരശേഷം പന്ത് പറഞ്ഞത്.

Top