ബൂമ്രയുടെ ബൗണ്‍സര്‍ കൊണ്ട് ഹാരിസിന്റെ ഹെല്‍മെറ്റ് തകര്‍ന്നു; വീഡിയോ വൈറല്‍

പെര്‍ത്ത്: പെര്‍ത്തില്‍ പൊരിഞ്ഞ പോരാട്ടം കാഴ്ചവെക്കുകയാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര. കളത്തില്‍ ഇറങ്ങിയ സമയം മുതല്‍ സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ബൂമ്ര ഓസ്‌ട്രേലിയയെ വിറപ്പിക്കുകയാണ്. ഓസ്‌ട്രേലിയയുടെ അതിവേഗക്കാരനായ മിച്ചല്‍ സ്റ്റാര്‍ക്കിനെപോലും അമ്പരപ്പിച്ചു കൊണ്ടാണ് ബൂമ്രയുടെ ബൗളിംങ്.

ഇപ്പോള്‍ ഇതാ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ബൂമ്രയുടെ ബൗണ്‍സര്‍ ഹെല്‍മെറ്റിലിടിച്ച് ഓപ്പണര്‍ മാര്‍ക്ക് ഹാരിസ് നിലത്തു വീണതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഓസീസ് ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് പന്ത് തലയില്‍ക്കൊണ്ട് മരിച്ചതിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതായി ഹാരിസിന്റെ ഹെല്‍മെറ്റിന്റെ ഈ ചിത്രം. പന്ത് ഹെല്‍മെറ്റില്‍ കൊണ്ട് ഹാരിസ് നിലത്തുവീണെങ്കിലും ഭാഗ്യത്തിന് പരിക്കൊന്നും സംഭവിച്ചില്ല.

ബൂമ്രയുടെ വേഗം പേസ് ഇതിഹാസം ജെഫ് തോംസണെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ഓസീസ് മാധ്യമങ്ങള്‍ പറയുന്നത്. പെര്‍ത്തിലെ അതിവേഗ പിച്ചില്‍ ബൂമ്രയുടെ പന്തുകള്‍ ഓസീസിനെ ശരിക്കും വെള്ളം കുടിപ്പിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബൂമ്ര മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.

Top