ഓ നീ ആണല്ലേ സ്ലെഡ്ജ് ചെയ്യുന്ന ആ പയ്യന്‍; പന്തിനെ ട്രോളി ഓസീസ് പ്രധാനമന്ത്രി

സിഡ്‌നി: ഇന്ത്യ-ഓസിസ് പരമ്പര നടക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിന്റെ പുതുവത്സര ആഘോഷം ഇത്തവണ ഓസ്‌ട്രേലിയയില്‍ ആയിരുന്നു. ഓസിസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ താരങ്ങള്‍ക്കായി പുതുവത്സര വിരുന്നും ഒരുക്കിയിരുന്നു.

ഇന്ത്യന്‍ ടീം അംഗങ്ങള്‍ എല്ലാം തന്നെ ആ വിരുന്നില്‍ പങ്കെടുക്കാനെത്തി. നീല പാന്റും വെള്ള ഷര്‍ട്ടും അതിന് മുകളില്‍ നെഹ്‌റു കോട്ടും ധരിച്ചാണ് താരങ്ങള്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയത്. കൂട്ടത്തില്‍ റിഷഭ് പന്തും ഹര്‍ദ്ദീക് പാണ്ഡ്യയും മാത്രം ഷര്‍ട്ടിന് മുകളില്‍ സ്വന്തം സ്യൂട്ട് ധരിച്ചാണ് ചടങ്ങിനെത്തിയത്.

ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യന്‍ കളിക്കാരെ ഓരോരുത്തരെ ആയി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനിടയില്‍ ഒരു രസകരമായ സംഭവമുണ്ടായി. പന്തിനെ പ്രധാനമന്ത്രി പരിജയപ്പെട്ട സമയത്താണ് ആ രസകരമായ സംഭവം അരങ്ങേറിയത്. പന്തിനെ പരിചയപ്പെട്ട ഉടന്‍ ഓ അറിയാം, താങ്കളല്ലെ സ്ലെഡ്ജ് ചെയ്യുന്ന ആള്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. താങ്കള്‍ക്ക് സ്വാഗതം, കാരണം കടുത്ത മത്സരങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണെന്നും പറഞ്ഞ് ഓസീസ് പ്രധാനമന്ത്രി പന്തിനെ ചെറുതായി ഒന്ന് ട്രോളി.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

Top