ഓസിസ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ; സിഡ്‌നി ടെസ്റ്റ് സമനിലയില്‍

സിഡ്‌നി: ഓസിസ് മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ. സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി മഴമൂലം വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കൊഹ്‌ലി സ്വന്തമാക്കി.

മഴയെത്തുടര്‍ന്ന് സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസം ഒരു പന്ത് പോലും എറിയാനായില്ല. ഇതേത്തുടര്‍ന്ന് മത്സരം സമനിലയിലായതായി അമ്പയര്‍മാര്‍ പ്രഖ്യാപിക്കുകയായിരുന്നു. സ്‌കോര്‍ : ഇന്ത്യ- 622/7 ഡിക്ലയേഡ്, ഓസ്‌ട്രേലിയ- 300, 6/0. മത്സരത്തില്‍ ഫോളോ ഓണ്‍ ചെയ്ത ഓസീസിന് മഴ അനുഗ്രഹമായി. ഇല്ലായിരുന്നെങ്കില്‍ നിലവിലെ ഫോം അനുസരിച്ച് ഇന്ത്യ 3-1 ന് പരമ്പര വിജയം സ്വന്തമാക്കുമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പുജാരയാണ് കളിയിലെ കേമന്‍. പരമ്പരയിലെ കേമനും പുജാര തന്നെയാണ്.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 2-1 നാണ് ഇന്ത്യന്‍ ജയം. അഡലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനും, മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 137 റണ്‍സിനും ഇന്ത്യ ജയിച്ചപ്പോള്‍, പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 146 റണ്‍സിന് ഓസീസ് ജയം നേടുകയായിരുന്നു.

അതേസമയം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കൊഹ്‌ലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Top