ഓസിസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങുന്നത് മാറ്റങ്ങളുമായി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത. ചൊവ്വാഴ്ച അഡ്‌ലെയിഡിലാണ് മത്സരം നടക്കുന്നത്.ഏകദിനത്തില്‍ 34 റണ്‍സ് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരം ജയിച്ചില്ലെങ്കില്‍ പരമ്പര നഷ്ടമാവും. മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം കേദാര്‍ ജാദവിന് രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചേക്കും.ആദ്യ മത്സരത്തില്‍ കാര്‍ത്തിക്കിന് തിളങ്ങാനായിരുന്നില്ല.

കളിയില്‍ 12 റണ്‍സെടുത്ത് പുറത്തായ കാര്‍ത്തിക്ക് രോഹിത്തിന് പിന്തുണ നല്‍കുന്നതിലും പരാജയപ്പെട്ടു. അംബാട്ടി റായിഡുവിന്റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ പാര്‍ട് ടൈം ബൗളറായും കേദാര്‍ ജാദവിനെ ഉപയോഗപ്പെടുത്താനാവും.

ബൗളിംഗിലും ഇന്ത്യ ഒരു മാറ്റത്തിന് തയാറായേക്കും. ആദ്യ മത്സരത്തില്‍ റണ്‍ നിയന്ത്രിക്കുന്നതിലും വിക്കറ്റെടുക്കുന്നതിലും നിരാശപ്പെടുത്തിയ ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദിനെ ഒഴിവാക്കാനാണ് സാധ്യത. സിഡ്‌നിയില്‍ 8 ഓവറില്‍ 55 റണ്‍സാണ് ഖലീല്‍ വഴങ്ങിയത്. ഒരു വിക്കറ്റുമെടുത്തു.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബരയിലും അവസരം ലഭിച്ച ഖലീല്‍ ഇതുവരെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. ഖലീലിന് പകരം മുഹമ്മദ് സിറാജിനെ രണ്ടാം ഏകദിനത്തില്‍ കളിപ്പിക്കാനാണ് സാധ്യത. പേസ് ബൗളിംഗില്‍ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും തുടരും. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും തുടര്‍ന്നേക്കും.

Top