രണ്ടാം ടി20: ഇന്ത്യയ്ക്ക് ടോസ്, അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് വിട്ടു

ഇന്ദോര്‍ : ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ എന്നിവര്‍ക്ക് പകരം യശസ്വി ജയ്‌സ്വാളും വിരാട് കോലിയും ടീമിലെത്തി. അതേസമയം സഞ്ജു സാംസണ് രണ്ടാം മത്സരത്തിലും അവസരം ലഭിച്ചില്ല.

മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറുവിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍നിന്ന് വിട്ടുനിന്ന വിരാട് കോലി തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. അടുത്ത ജൂണില്‍ നടക്കുന്ന ലോകകപ്പിനുമുമ്പ് ഇന്ത്യയുടെ അവസാന ടി 20 പരമ്പരയാണിത്.

 

Top