അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം; രോഹിത്തിന് സെഞ്ചുറി

ദില്ലി: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 273 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ചു. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമര്‍സായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് നടിയ ജസ്പ്രിത് ബുമ്ര അഫ്ഗാന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (84 പന്തില്‍ 131) അതിവേഗ സെഞ്ചുറി കരുത്തില്‍ 35 ഓവറില്‍ വിജയം പൂര്‍ത്തിയാക്കി. വിരാട് കോലി (പുറത്താവാതെ 55), ഇഷാന്‍ കിഷന്‍ (47) നിര്‍ണായ പിന്തുണ നല്‍കി.

ഗംഭീര തുടക്കമാണ് രോഹിത് – കിഷന്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടിചേര്‍ത്തു. കിഷന്‍ ശ്രദ്ധയോടെ ബാറ്റേന്തിയപ്പോള്‍ രോഹിത് അഫ്ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. ആദ്യ പത്ത് ഓവറില്‍ തന്നെ രോഹിന്റെ വ്യക്തിഗത സ്‌കോര്‍ 76 റണ്‍സായിരുന്നു. 19-ാം ഓവറില്‍ കിഷന്‍, റാഷിദ് ഖാന് വിക്കറ്റ് നല്‍കി. 47 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു. ഇതിനിടെ രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കി. 63 പന്തിലായിരുന്നു രോഹിത്തിന്റെ സെഞ്ചുറി. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയായിരുന്നു രോഹിത് നേടിയത്. 1983 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ 72 പന്തില്‍ സെഞ്ചുറി നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെയാണ് രോഹിത് മറികടന്നത്.

സെഞ്ചുറിക്ക് ശേഷം 31 റണ്‍സ് നേടി രോഹിത് മടങ്ങി. അഞ്ച് സിക്‌സും 16 ഫോറും ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. കോലിക്കൊപ്പം 49 റണ്‍സും രോഹിത് നേടിയിരുന്നു. റാഷിദ് ഖാന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത്. അധികം വൈകാതെ കോലി – ശ്രേയസ് അയ്യര്‍ () കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവറും 68 റണ്‍സ് കൂട്ടിചേര്‍ത്തു. കോലിയുടെ ഇന്നിംഗ്‌സില്‍ ആറ് ഫോറുകളുണ്ടായിരുന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന് ലഭിച്ചത്. 63 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വിട്ടുകൊടുക്കേണ്ടിവന്നു. ആദ്യ മൂന്ന് താരങ്ങളും നിരാശപ്പെടുത്തി. ഇബ്രാഹിം സദ്രാന്‍ (22), റഹ്മാനുള്ള ഗുര്‍ബാസ് (21), റഹ്മത്ത് ഷാ (16) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സദ്രാനെ, ജസപ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. 13-ാം ഓവറില്‍ ഗുര്‍ബാസിനെ ഹാര്‍ദിക് പാണ്ഡ്യയും മടക്കി.

റഹ്മത്ത് ആവട്ടെ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ഷാഹിദി – ഓമര്‍സായ് സഖ്യം അഫ്ഗാനെ കരകയറ്റുകയായിരുന്നു. 20 ഓവറില്‍ കൂടുതല്‍ ബാറ്റ് ചെയ്ത ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. ഷാഹിദി കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഷാഹിദിയുടെ ഇന്നിംഗ്‌സ്. പിന്നീട് മുഹമ്മദ് നബിക്കൊപ്പം (41) റണ്‍സ് കൂട്ടിര്‍ത്ത് ഒമര്‍സായ് മടങ്ങി.

നബിയെ, ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുജീബ് ഉര്‍ റഹ്മാന്‍ (10), നവീന്‍ ഉള്‍ ഹഖ് (9) പുറത്താവാതെ നിന്നു. ഷാര്‍ദുല്‍, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഒമ്പത് ഓവറില്‍ 76 റണ്‍സ് വഴങ്ങിയ സിറാജിന് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല.

Top