കോവിഡ് വാക്‌സിനേഷനില്‍ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; നൂറുകോടി കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ നൂറുകോടി പിന്നിട്ടു. വാക്‌സിനേഷന്‍ രംഗത്തെ നാഴികക്കല്ലാണ് രാജ്യം പിന്നിട്ടിരിക്കുന്നത്.

ഇന്ന് രാവിലെ 9.47-ഓടെ രാജ്യത്ത് നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കി. 277 ദിവസം കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി.

ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവെപ്പ് എടുക്കണമെന്നും ‘ചരിത്രപരമായ’ ഈ യാത്രയില്‍ എല്ലാവരും അവരുടേതായ കൈയൊപ്പ് ചാര്‍ത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു. ഇന്ന് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഗായകന്‍ കൈലാഷ് ഖേര്‍ തയാറാക്കിയ ഒരു ഗാനവും ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കും. 1400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാക ചെങ്കോട്ടയില്‍ നടക്കുന്ന ഈ ചടങ്ങില്‍ ഉയര്‍ത്തുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top