ഇന്ത്യ – യു എസ് ടു പ്ലസ് ടു ചര്‍ച്ച : അടുത്തയാഴ്ച ഡല്‍ഹിയില്‍ നടക്കും

വാഷിംങ്ടണ്‍: ഇന്ത്യയുടെയും യു.എസിന്റെയും വിദേശപ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള ആദ്യ ടു പ്ലസ് ടു ചര്‍ച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള നയപരമായ പങ്കാളിത്തത്തിന്റെ സൂചനയാണെന്ന് ട്രംപ് ഭരണകൂടം . ഇന്ത്യയുടെയും യു.എസിന്റെയും വിദേശപ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള ആദ്യ ടു പ്ലസ് ടു ചര്‍ച്ച സെപ്റ്റംബര്‍ ആറിനാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്നത്. പ്രതിരോധ, സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച ഈ ചര്‍ച്ച യു.എസ്. രണ്ടുതവണ മാറ്റിവെച്ചിരുന്നു.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധസെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവര്‍ തമ്മിലാണ് ചര്‍ച്ച നടക്കുന്നതെന്ന് വിദേശ കാര്യ വക്താവ് ഹീതര്‍ നോര്‍ട്ട് അറിയിച്ചു.

ഉഭയകക്ഷിബന്ധം, രണ്ടുരാജ്യത്തിനും താത്പര്യമുള്ള പ്രദേശിക, ആഗോള വിഷയങ്ങള്‍ എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളം തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ സൂചനയാണ് ഈ സംഭാഷണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവര്‍ഷം ജൂണില്‍ യു.എസ്. സന്ദര്‍ശിച്ചപ്പോഴാണ് ഇരുരാജ്യവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇത്തരമൊരു ചര്‍ച്ച തീരുമാനിച്ചിരുന്നത്. ഏപ്രിലില്‍ വാഷിംങ്ടണില്‍ ആദ്യചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും വിദേശകാര്യസെക്രട്ടറി റെക്‌സ് ടിലേഴ്‌സണെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദവിയില്‍നിന്ന് പുറത്താക്കിയതിനാല്‍ ചര്‍ച്ച മാറ്റിവെച്ചിരുന്നു.

Top