ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചു; ട്രംപിനോട് മോദി

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇപ്രകാരം പറഞ്ഞതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പ്രധാനമന്ത്രി ട്രംപിനും കുടുംബത്തിനും പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന നയതന്ത്ര ഇടപെടലുകളും സഹകരണവും ഈ വര്‍ഷവും തുടരുന്നതിനെ സംബന്ധിച്ച് ചര്‍ച്ചയായി.പരസ്പരം താത്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം മോദി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തുപറയുകയും വര്‍ഷവും തുടരേണ്ട സഹകരണവും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദി – ട്രംപ് സംഭാഷണം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ–യുഎസ് ബന്ധത്തിലെ നേട്ടങ്ങളിൽ ട്രംപ് സംതൃപ്തി പ്രകടിപ്പിക്കുകയും ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള സന്നദ്ധത ആവർത്തിക്കുകയും ചെയ്തതായും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പുതുവർഷത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും പുരോഗതിക്കും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തതായും സർക്കാർ പറഞ്ഞു.

ഇറാൻ– യുഎസ് പോരിനിടെ മധ്യപൂർവ ദേശത്ത് സംഘർഷസാധ്യത നിലനിൽക്കെയാണ് നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണം എന്നത് ശ്രദ്ധേയമാണ്.

Top