അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പാക്കിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണമെന്ന് അമേരിക്കന്‍ സെനറ്റര്‍

വാഷിംങ്ടണ്‍ : പാക്കിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണമെന്ന ആഹ്വാനവുമായി മുന്‍ അമേരിക്കന്‍ സെനറ്റര്‍ രംഗത്ത്.

അമേരിക്കയും ഇന്ത്യയും സംയുക്തമായി പാക്കിസ്ഥാനുനേരെ ആക്രമണം നടത്തി അവര്‍ ആണവായുധങ്ങള്‍ ശേഖരിച്ചിരിക്കുന്ന സ്ഥലമോ പരീക്ഷണം നടത്തുന്നയിടമോ തകര്‍ക്കണമെന്നും ലാരി പ്രെസ്‌ലര്‍ പറഞ്ഞു.

ഇങ്ങിനെയൊക്കെ ചെയ്താല്‍ ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെങ്കിലും ഏറ്റവും നല്ല അമേരിക്കന്‍ പ്രസിഡന്റാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ത്യയോട് ചേര്‍ന്ന് ഒരു ആക്രമണം നടത്തണമെങ്കില്‍ ട്രംപിന് പാക്കിസ്ഥാന്റെ അനുവാദം ആവശ്യമാണ്. പെന്റഗണ്‍ ആണു പാക്കിസ്ഥാന് എല്ലാ പ്രോത്സാഹനങ്ങളും നടത്തുന്നത്. അതാണ് ഇന്ത്യയെ ‘ഭീകരവാദത്തിന്റെ മാതാവെന്നു’ വിശേഷിപ്പിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കിയതെന്നും ലാരി ആരോപിച്ചു.

പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുകയും അവര്‍ക്കുള്ള സഹായങ്ങളെല്ലാം നിര്‍ത്തിവയ്ക്കുകയും വേണം. പാക്കിസ്ഥാനെയും ഇന്ത്യയെയും ഒരുപോലെ കാണരുത്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. എന്നാല്‍ പാക്കിസ്ഥാന്‍ അങ്ങനെയല്ല. പാക്കിസ്ഥാന്‍, പ്രത്യേകിച്ച് ഐഎസ്‌ഐ ദശാബ്ദങ്ങളായി നമ്മളോടു കള്ളമാണു പറഞ്ഞിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്ക സഹായങ്ങള്‍ നല്‍കിയിരുന്നില്ലെങ്കില്‍ ആണവായുധം നിര്‍മിക്കാന്‍ പാക്കിസ്ഥാനു സാധിക്കുമായിരുന്നില്ലെന്നും പാക്കിസ്ഥാനോട് മോദി സര്‍ക്കാര്‍ നിലപാടു കടുപ്പിച്ച നടപടി അഭിനന്ദാര്‍ഹമാണെന്നും ലാറി പ്രെസ്‌ലര്‍ വ്യക്തമാക്കി.

Top