ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഉടന്‍ ? ഈ വരവ് കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയമായി ഏറെ ഗുണകരം!

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ഫെബ്രുവരി രണ്ടാം വാരത്തോടെയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ സന്ദര്‍ശനത്തിനു സൗകര്യപ്രദമായ തീയതികള്‍ ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയെന്നാണ് വിവരം. ഇംപീച്ച്‌മെന്റ് നടപടികളുമായി ബന്ധപ്പെട്ട് ഈ ആഴ്ച തുടങ്ങാനിരിക്കുന്ന യുഎസ് സെനറ്റിന്റെ വിചാരണയുടെ പുരോഗതി അനുസരിച്ചാവും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തിയ്യതികള്‍ പ്രഖ്യാപിക്കുക. എന്നാല്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്തയേക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ട്രംപ് മുഖ്യാതിഥിയാകുമെന്നും സൂചനയുണ്ട്.

വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ -യു.എസ് ബന്ധം കരുത്തില്‍നിന്നു കരുത്തിലേക്കു വളരുകയാണെന്നു മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം നേരത്തെ വിശദമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോണാള്‍ഡ് ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.യുഎസ് ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെയായിരുന്നു ഇരുവരുടേയും ഫോണ്‍ സംഭാഷണം.

ഇന്ത്യയും യുഎസും തമ്മില്‍ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാധ്യതയുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.പൗരത്വ ഭേഭഗതി അടക്കമുള്ള വിഷയങ്ങളില്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഉലയുന്ന സാഹചര്യത്തില്‍ ട്രംപിന്റെ വരവ് രാഷ്ട്രീയമായും ഏറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.

Top